Connect with us

Editorial

ലണ്ടനിലെ ഭീകരാക്രമണങ്ങള്‍

Published

|

Last Updated

ബ്രിട്ടന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ് ഭീകരര്‍. രണ്ടര മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷിയാകുകയുണ്ടായി ലണ്ടന്‍ നഗരം. മാര്‍ച്ച് 22ന് ബ്രിട്ടീഷ് പാര്‍ലിമെന്റ് മന്ദിരത്തിന് സമീപവും മെയ് 22ന് മാഞ്ചസ്റ്ററിലും നടന്ന ആക്രമണത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രി ജനത്തിരക്കേറിയ ലണ്ടന്‍ ബ്രിഡ്ജിലും സമീപത്തെ ബോറാ മാര്‍ക്കറ്റിലുമാണ് ഭീകരര്‍ അഴിഞ്ഞാടിയത്. സംഭവത്തില്‍ ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ പോപ്പ് ഗായികയുടെ സംഗീതനിശ കഴിഞ്ഞു പുറത്തിറങ്ങുന്നവരുടെ ഇടയിലേക്കാണ് അക്രമികള്‍ കനത്ത പ്രഹര ശേഷിയുള്ള നെയില്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷയില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ സ്ഥലം പിടിച്ചുകൊണ്ടിരിക്കയാണ് ലണ്ടന്‍.
മാഞ്ചസ്റ്റര്‍ സംഭവത്തിന്റെയും വ്യാഴാഴ്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ലണ്ടനില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ അതിശക്തമാക്കിയിട്ടുണ്ട്. 3,800 പട്ടാളക്കാരെയാണ് സുരക്ഷാ ജോലിക്കായി പുതുതായി നിയമിച്ചത്. ബോംബ് വീണാല്‍ പോലും തകരാത്ത സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ കൂറ്റന്‍ കവചിത വാഹനങ്ങള്‍ സദാസമയവും നരത്തില്‍ ചുറ്റിക്കറങ്ങുകയാണ്. ഇനിയൊരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പോലീസിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ചു ഭീകരര്‍ക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ കടന്നു ചെന്നു അക്രമം അഴിച്ചുവിടാനാകുന്നുവെന്നത് സംഭവത്തിന്റെ ഗൗരവവും തീവ്രതയും വര്‍ധിപ്പിക്കുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പതിവ് ശൈലി അനുസരിച്ചു പാശ്ചാത്യ ലോകം ഇസിലിനെയാണ് സംശയിക്കുന്നത്. അല്ലാഹ് എന്ന് വിളിച്ചാണ് ഭീകരസംഘം വാഹനത്തില്‍ നിന്നു പുറത്തേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികളുടെ സാക്ഷ്യമെന്ന പേരില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. തങ്ങളുടെ അടുത്ത ലക്ഷ്യം ലണ്ടനും വാഷിംഗ്ടണുമാണെന്ന്, ഫ്രാന്‍സിലെ നോര്‍മാഡിയ പാരിഷ് ചര്‍ച്ചില്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന അക്രമത്തിന് പിന്നാലെ ഇസില്‍ പ്രഖ്യാപിച്ചിരുന്നുവെന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രിയിലെ ലണ്ടന്‍ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ ബ്രിട്ടന്‍ വിലക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതോടെ അക്രമത്തിന് പിന്നിലെ കറുത്ത കരങ്ങളെക്കുറിച്ചു മറ്റു ചില സംശയങ്ങളും ഉയരുന്നുണ്ട്. അമേരിക്ക് ചാരസംഘടന സി ഐ എയുടെ പ്രവര്‍ത്തന ചരിത്രമറിയാകുന്നവരെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. പ്രസിഡന്റായി ട്രംപ് അധികാരമേറ്റെടുത്ത ഉടനെ അദ്ദേഹം സ്വീകരിച്ച നടപടികളിലൊന്ന് ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശന നിരോധമായിരുന്നല്ലോ.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ലോകരാഷ്ട്രങ്ങളുടെ മുഖ്യ അജന്‍ഡ ഭീകരതക്കെതിരായ പോരാട്ടമാണ്. ഏത് അന്താരാഷ്ട്ര കരാറുകളിലും ഇത് സ്ഥലം പിടിക്കാറുണ്ട്. അമേരിക്കയും ബ്രിട്ടനുമായിരുന്നു ഭീകരതാ നിര്‍മാര്‍ജനത്തിനെന്ന പേരില്‍ സംഘടിപ്പിക്കുന്ന പദ്ധതികളുടെ സൂത്രധാരര്‍. ഇതിന്റെ ലക്ഷ്യപ്രാപ്തിക്കെന്ന പേരില്‍ പല രാജ്യങ്ങളിലും അവര്‍ ഇടപെടുകയും സൈനിക നടപടികളടക്കം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഭീകരവാദത്തെ തകര്‍ക്കുന്നതിന് പകരം അത് ശക്തിപ്പെടുത്തുകയാണ്ടായത്. ചൂഷണത്തിനുള്ള അവസരങ്ങള്‍ മാത്രം മുന്നില്‍ കണ്ടായിരുന്നു യു എസിന്റെയും കൂട്ടാളികളുടെയും ഇടപെടലുകളും അധിവേശവും. അധിനിവേശ മേഖലകളില്‍ അവര്‍ ചെയ്ത ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഇസിലിന്റെ വളര്‍ച്ചക്ക് കാരണമായതെന്ന് നോം ചോംസ്‌കിയെ പോലുള്ളവര്‍ നിരീക്ഷിച്ചതാണ്. യു എസ് സൈനിക ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ നടമാടിയ ഫല്ലൂജ പോലുള്ള പ്രദേശങ്ങളാണ് പിന്നീട് ഇസില്‍ ശക്തി കേന്ദ്രങ്ങളായി മാറിയതെന്നതും ഇസിലിന്റെ മുതിര്‍ന്ന 30 നേതാക്കളില്‍ 18 പേരും അധിനിവേശ സമയത്ത് അമേരിക്ക ഇറാഖില്‍ സജ്ജീകരിച്ച ബുക്കാ ജയിലിലെ തടവുകാരായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെ അവസാന വാക്കായാണ് മനുഷ്യാവകാശ സംഘടനകളൊന്നടങ്കം ബുക്കാ ജയിലിനെ വിശേഷിപ്പിച്ചത്. ക്രൂരതയില്‍ മുന്‍ ഭരണാധികാരികളെയെല്ലാം കടത്തിവെട്ടുന്ന ട്രംപിന്റെ കീഴില്‍ ഭരണകൂട ഭീകരതയുടെ പുതിയ അധ്യായങ്ങള്‍ക്കായിരിക്കും ലോകം സാക്ഷ്യം വഹിക്കാനിരിക്കുന്നത്; ഭീകരതയുടെ പൂര്‍വോപരി വളര്‍ച്ചക്കും.