രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴവര്‍ഗങ്ങള്‍ വ്യാപകം

Posted on: June 5, 2017 2:15 pm | Last updated: June 5, 2017 at 1:59 pm

തിരൂരങ്ങാടി: റമസാനില്‍ പഴ വര്‍ഗങ്ങളുടെ വില്‍പ്പന വര്‍ധിച്ചതോടെ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങള്‍ വ്യാപകമാകുന്നു. ഇത് മാരക രോഗങ്ങള്‍ വേട്ടയാടാന്‍ ഇടയാക്കും.

മാങ്ങ, ആപ്പിള്‍, ഓറഞ്ച്, പൈനാപ്പിള്‍, മുന്തിരി, മുസംബി, തുടങ്ങി എല്ലാ ഇനം പഴങ്ങളും രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചാണ് വില്‍പ്പനക്ക് എത്തുന്നത്. പല രാസവസ്തുക്കളും മാരകമായ സാധനങ്ങളാണ് ഈ വിധത്തില്‍ കൃത്രിമമായി പഴുപ്പിക്കാനായി പ്രത്യേക കേന്ദ്രങ്ങള്‍ തന്നെയുണ്ട്. അടച്ചുറപ്പുള്ള മുറികളില്‍ ചാക്ക് നിവര്‍ത്തി അതില്‍ കാര്‍ബൈഡ് പോലുള്ള വസ്തുക്കള്‍ വിതറി പഴവര്‍ഗങ്ങള്‍ അതില്‍ കൂട്ടിയിട്ട് വെള്ളം കുടഞ്ഞ ശേഷം മുറികളുടെ ഷട്ടര്‍ താഴ്ത്തിയിടുന്നു.
ഈ വിധത്തില്‍ ചെയ്താല്‍ മണിക്കൂറുകള്‍ക്കകം പഴങ്ങള്‍ പഴുക്കുന്നു. മാങ്ങയാണ് ഇങ്ങനെ കൂടുതലായും പഴുപ്പിക്കുന്നത്. ഇങ്ങനെ പഴുപ്പിക്കുന്ന പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് വന്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ശ്രമിച്ചിരുന്നു. റമസാന്‍ കാലങ്ങളില്‍ ഇക്കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ അധികൃതരുടെ അനാസ്ഥ തട്ടിപ്പുകാര്‍ക്ക് ഏറെ സഹായകമാവുകയാണ്.