കര്‍ണാടകയില്‍ മഴക്കായി മന്ത്രിയുടെ നേതൃത്വത്തില്‍ 20 ലക്ഷം രൂപയുടെ പൂജ

Posted on: June 5, 2017 12:01 pm | Last updated: June 5, 2017 at 12:01 pm

ബെംഗളൂരു: കര്‍ണാടകത്തില്‍ മഴ ലഭിക്കാന്‍ 20 ലക്ഷം രൂപ ചെലവഴിച്ച് ജലവിഭവ മന്ത്രി എം ബി പാട്ടീലിന്റെ നേതൃത്വത്തില്‍ പൂജാ കര്‍മം. ഇന്നലെ രാവിലെയാണ് കൃഷ്ണ നദീ തടത്തില്‍ പൂജ നടന്നത്. കാവേരി നദീ തടത്തിലും വിശേഷാല്‍ പൂജകള്‍ നടന്നു. ജലവിഭവ വകുപ്പാണ് പൂജ സംഘടിപ്പിക്കുന്നതെന്ന് ആദ്യം പ്രചാരണമുണ്ടായെങ്കിലും താന്‍ സ്വന്തം ചെലവിലാണ് പൂജ നടത്തുന്നതെന്നായിരുന്നു മന്ത്രി എം ബി പാട്ടീലിന്റെ വിശദീകരണം. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ പൂജാ കര്‍മം സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ പൂജക്ക് അനുവാദം നല്‍കിയത് വ്യാപകമായ പ്രതിഷേധമാണുണ്ടാക്കിയത്. പൂജ നടത്തുന്നത് സര്‍ക്കാര്‍ ചെലവില്‍ അല്ലെന്നും മന്ത്രിയുടെ സ്വന്തം കാശ് ഉപയോഗിച്ചാണെന്നും പറഞ്ഞാണ് സര്‍ക്കാര്‍ മുഖം രക്ഷിച്ചിരിക്കുന്നത്.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് പൂജ നടത്തിയതെന്നും സംസ്ഥാനത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്ന ജലസ്രോതസ്സുകളായതിനാലാണ് കാവേരി, കൃഷ്ണ നദിക്കരകളില്‍ പൂജ നടത്തിയതെന്നും മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു.