ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ പിണറായി സര്‍ക്കാരിന്റെത് ധീരമായ നിലപാട്: കെ എന്‍ എ ഖാദര്‍

Posted on: June 4, 2017 4:55 pm | Last updated: June 5, 2017 at 3:04 pm

കോഴിക്കോട്: ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ധീരമായ നിലപാടുകളാണെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ എന്‍ എ ഖാദര്‍. ഈ നിലപാടുകളെ സകലരും പിന്തുണക്കണമെന്നും അദ്ദേഹം പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. മാടുകളുടെ കശാപ്പുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെക്കുറിച്ച് ഇന്നലെ ചന്ദ്രിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

”കേരളത്തില്‍ പിണറായി സര്‍ക്കാറും ബംഗാളില്‍ മമതാ സര്‍ക്കാറുമൊക്കെ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണക്കുകയാണ് വേണ്ടത്. സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഈയിടെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും നേതാക്കളുടെയും കൂട്ടായ്മ പ്രത്യാശ നല്‍കുന്നതാണ്.” ഈ ആഹ്വാനത്തോടെയാണ് ലേഖനം അവസാനിക്കുന്നത്.

കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കാണരുത്. ഇത് പ്രതിഷേധത്തിന്റെ ശക്തികുറയ്ക്കാനും കേന്ദ്രസര്‍ക്കാറിനെ രക്ഷപ്പെടുത്താനും മാത്രമെ വഴിയൊരുക്കുകയുള്ളു എന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.