32 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്

Posted on: June 4, 2017 11:09 am | Last updated: June 4, 2017 at 4:42 pm

ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞു. കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതി നിയോഗിച്ച പാനലിന്റെ അനുമതി മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ നിലവില്‍ പഠനം നടത്തുന്ന 4,000 വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സര്‍ക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അരുണ്‍ സംഗാള്‍ പറഞ്ഞു. നിലവില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ഒരുതരത്തിലും തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് കോളേജുകളെ പ്രവേശന യോഗ്യമല്ലാത്തവയുടെ ഗണത്തില്‍പ്പെടുത്തിയതെന്ന കാര്യം വ്യക്തമാക്കാന്‍ സിംഗാള്‍ തയ്യാറായില്ല.