Connect with us

Ongoing News

റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം (4-1)

Published

|

Last Updated

കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ റയല്‍മാഡ്രിഡ് ചരിത്രം സൃഷ്ടിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവെന്റസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത്, ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബായി !
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ കാസിമെറോയുടെ ലോംഗ് റേഞ്ചറും പകരക്കാരന്‍ അസെന്‍ഷ്യോയുടെ ഗോളും റയലിന് വ്യക്തമായ മേധാവിത്വം നേടിക്കൊടുത്തു. 20, 64 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. അറുപത്തൊന്നാം മിനുട്ടില്‍ കാസിമെറോ നേടിയ ഗോളാണ് റയലിന് രണ്ടാം പകുതിയില്‍ ലീഡ് സമ്മാനിച്ച് മാനസിക മുന്‍തൂക്കം നല്‍കിയത്. അവസാന മിനുട്ടിലാണ് മാര്‍കോ അസെന്‍സിയോയുടെ ഗോള്‍. ഇരുപത്തേഴാം മിനുട്ടില്‍ മാന്‍ഡുകിച് യുവെന്റസിനായി നേടിയ സമനില ഗോളാണ് മത്സരത്തിലെ മനോഹര ഗോള്‍.

യുവെന്റസിന്റെ ഏക ഗോള്‍ മരിയോ മാന്‍ഡുകിച് നേടി. കൊളംബിയന്‍ താരം കൊഡ്രാഡോ ചുവപ്പ് കാര്‍ഡ് കണ്ടത് യുവെന്റസിന്റെ തിരിച്ചുവരവ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
റയലിന്റെ പരിശീലകനായതിന് ശേഷം സിദാന്‍ തുടരെ രണ്ട് ചാമ്പ്യന്‍സ് ലീഗുകള്‍ നേടി സൂപ്പര്‍ കോച്ച് പദവിയിലേക്ക് കയറി. അരിഗോ സാചിയുടെ എസി മിലാന്‍ 1989, 1990 സീസണുകളില്‍ തുടരെ യൂറോപ്യന്‍ കപ്പ് നേടിയതിന് സമാനമാണ് സിദാന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടം.

റയലിന്റെ പന്ത്രണ്ടാമത് ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഏറ്റവുമധികം തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ ക്ലബ്ബ് റയലാണ്. 2014, 2016, 2017 വര്‍ഷങ്ങളില്‍ റയലിന്റെ കിരീട നേട്ടത്തിനൊപ്പം ക്രിസ്റ്റ്യാനോ പകരം വെക്കാനാവാത്ത സാന്നിധ്യമായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. കരിയറിലെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന യുവെന്റസ് ഗോളി ബുഫണിന്റെ സ്വപ്‌നം പൊലിഞ്ഞു.

കളിയുടെ തത്സമയ റിപ്പോർട്ടിംഗ്:

Latest