Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ വി എം ചാലഞ്ച് ഇന്ന്; പങ്കെടുക്കുന്നത് എന്‍സിപിയും സിപിഎമ്മും

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നടത്താനിരിക്കുന്ന ഇ വി എം ചാലഞ്ച് ഇന്ന്. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ വി എം ചാലഞ്ച് നടത്താന്‍ നിശ്ചയിച്ചത്. എന്‍ സി പി, സി പി എം പാര്‍ട്ടികളാണ് വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു വന്നത്. ബി ജെ പി, ആര്‍ എല്‍ ഡി, സി പി ഐ തുടങ്ങിയ പാര്‍ട്ടികള്‍ നിരീക്ഷകരായി എത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതടക്കം 14 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യു പിയില്‍ ഉപയോഗിച്ച പത്ത് വോട്ടിംഗ് യന്ത്രങ്ങളാണ് ഇ വി എം ചാലഞ്ചിന് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനമായ നിര്‍വചന്‍ സദനില്‍ വെച്ചാണ് പരീക്ഷണം നടത്തുന്നത്. അംഗീകാരമുള്ള ഏഴ് ദേശീയ പാര്‍ട്ടികളെയും 49 സംസ്ഥാന പാര്‍ട്ടികളെയും ചാലഞ്ചിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ഷണിച്ചിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷകക്ഷികള്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളില്‍ പ്രതിഷേധം അറിയിച്ചാണ് പിന്മാറിയത്. അതേസമയം, കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി ഇന്നുതന്നെ സമാന്തര ഇ വി എം ചാലഞ്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ഉപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടന്നുവെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നത്. എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ബി എസ് പി നേതാവ് മായാവതിയുമാണ് തിരിമറി ആരോപണം ശക്തമായി ഉയര്‍ത്തിയത്.

ബി ജെ പിക്ക് തിരിമറി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നുവെന്നും എ എ പി ആരോപിച്ചിരുന്നു. കൂടാതെ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നത് എങ്ങനെയാണെന്ന് ഡല്‍ഹി നിയമസഭയില്‍ എ എ പി കാണിച്ചിരുന്നു. അതേസമയം, ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന യന്ത്രമല്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി പറഞ്ഞത്.

Latest