ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടി തന്നെയെന്ന് സ്വാമിയുടെ മൊഴി

Posted on: June 2, 2017 11:54 pm | Last updated: June 2, 2017 at 11:54 pm

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ ലിംഗം ഛേദിച്ചത് പെണ്‍കുട്ടി തന്നെയാണെന്ന് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സ്വാമി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തികമായി താന്‍ സഹായം ചെയ്തിരുന്നു. സംഭവം നടന്ന ദിവസം താന്‍ ഉറങ്ങി കിടന്നപ്പോഴാണ് പെണ്‍കുട്ടി കൃത്യം നടത്തിയത്. ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ട്. പെണ്‍കുട്ടിയും കാമുകനായ അയ്യപ്പദാസും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നു. അന്വേഷണം നടക്കുന്നത് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും സ്വാമി പറഞ്ഞു.
പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവങ്ങളെയും സാമ്പത്തിക തട്ടിപ്പുകളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മനസിലാക്കാനും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനുമാണ് സ്വാമിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പു വരുത്താന്‍ പോലീസിനോട് പോക്‌സോ കോടതി നിര്‍ദേശിച്ചിരുന്നു.

സംഭവം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ലിംഗം താന്‍ സ്വയം ഛേദിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിയുടെ അമ്മ സ്വാമിക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി സ്വാമിക്കെതിരെ നല്‍കിയ മൊഴികള്‍ കളവാണെന്നും സ്വാമി മകളെ ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നും അമ്മ ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മകളുടെ പ്രണയ ബന്ധത്തെ സ്വാമി എതിര്‍ത്തതിലുള്ള പക കാരണമാണ് ലിംഗം ഛേദിച്ചതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
സ്വാമി തന്നെ പതിനഞ്ചാം വയസ് മുതല്‍ പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.