പോലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി

Posted on: June 2, 2017 2:07 pm | Last updated: June 2, 2017 at 2:07 pm

തിരുവനന്തപുരം: പിണറായി സര്‍ക്കാരും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള പോര് വീണ്ടും. പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് വീണ്ടും സര്‍ക്കാരിനെതിരെ ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ കഴിഞ്ഞ മാസം 20ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ നടപ്പാക്കാന്‍ സെന്‍കുമാര്‍ തയ്യാറായില്ല. പകരം ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചു.

പോലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനുകളിലെ ഫയലുകളുടെ ചിത്രങ്ങളും വിവരങ്ങളും സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ പകര്‍ത്തിയതായും ആക്ഷേപം ഉണ്ട്. സെന്‍കുമാറിനൊപ്പമുള്ള ഗണ്‍മാന്‍ എഎസ്‌ഐ അനില്‍കുമാറിനെതിരെയാണ് ആക്ഷേപം. ഡിജിപി അറിയാതെ അദ്ദേഹത്തിന്റെ ഗണ്‍മാനെ സര്‍ക്കാര്‍ മാറ്റിയതും സെന്‍കുമാറിനെ പ്രകോപിപ്പിച്ചിരുന്നു. അനില്‍കുമാറിനെ മാതൃവകുപ്പിലേക്ക് മാറ്റാനുള്ള ഈ ഉത്തരവടക്കമാണ് നടപ്പാക്കാതെ സെന്‍കുമാര്‍ വൈകിപ്പിക്കുന്നത്.