പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Posted on: June 2, 2017 10:55 am | Last updated: June 2, 2017 at 10:45 am
തിരുവനന്തപുരം ഊരുട്ടമ്പലം ഗവ. യൂ പി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല
ഉദ്ഘാടനത്തോടനുബന്ധിച്ച് 2017- 18 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍
മന്ത്രി സി രവീന്ദ്രനാഥ് പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മികവുറ്റ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടിയോടും കിടപിടിക്കാവുന്ന ശേഷി കേരളത്തിലെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടി നേടുന്ന തരത്തിലേക്ക് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഊരൂട്ടമ്പലം ഗവ. യു പി സ്‌കൂളില്‍ നിര്‍വഹികുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് സമ്പന്നരുടെ മക്കളെ പോലെ തന്നെ മികവ് നേടാനുള്ള സാഹചര്യവും സന്ദര്‍ഭവും ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനാണ് ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ മുഴുവന്‍ സ്മാര്‍ട് ക്ലാസ്മുറികളാക്കാനും പൊതുവിദ്യാലയങ്ങള്‍ ഒന്നടങ്കം ഹൈടെക്ക് വിദ്യാലയങ്ങളാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് നാട് ഒന്നടങ്കം ഇറങ്ങണം. നമ്മുടെ നാട് എങ്ങനെ മാറണം എന്ന് ചിന്തിച്ചുകൊണ്ടുള്ള പരിപാടിയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്. നാളത്തെ തലമുറക്ക് ഈ നാടിനെ നല്ല രീതിയില്‍ കൈമാറേണ്ട ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഒന്നിച്ച് നീങ്ങാന്‍ കഴിയണം.

പൊതുവിദ്യാലയമാണ് മികവുറ്റതെന്ന് പ്രത്യക്ഷത്തിലും തെളിയിക്കാനുള്ള പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ഏതെങ്കിലും ഒരു സ്‌കൂളിലെ കുട്ടികളെ മികവുറ്റവരാക്കുക എന്നതിന് പകരം എല്ലാ കുട്ടികളെയും ആ ലക്ഷ്യത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത് ലാഭം കാംക്ഷിച്ചുകൊണ്ടായിരുന്നു. ലാഭം നേടാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എല്ലാം അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ ഉപയോഗിച്ചു. ഈ ഘട്ടത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ പോലും മക്കളെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിപ്പിച്ചാലാണ് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്ന് കരുതി ഒരുവിഭാഗം അവിടേക്ക് മാറി. ഇതിലൂടെ പൊതുവിദ്യാലയങ്ങള്‍ക്ക് ക്ഷീണം സംഭവിച്ചു. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ചിന്തക്ക് മൂര്‍ത്തമായ രൂപം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്. മാനേജ്‌മെന്റ് ആരുടെതായാലും എയ്ഡഡ് സ്‌കൂളും പൊതുസ്ഥാപനമാണ്. എയ്ഡഡ് സ്‌കൂള്‍ മെച്ചപ്പെടുത്താന്‍ മാനേജ്‌മെന്റ് മുടക്കുന്ന തുകക്ക് തുല്യമായ തുക സര്‍ക്കാറും നല്‍കും. ഒരു കോടി രൂപ വരെ ഇങ്ങനെ നല്‍കും. ഓരോ സ്‌കൂളിന്റെയും കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം യോഗം ചേരണം. പൂര്‍വ വിദ്യാര്‍ഥികളുടെയും പി ടി എയുടെയും നാടിന്റെ ആകെയും സഹായം സ്വീകരിക്കണം. വിദ്യാഭ്യാസത്തിന്റ കാര്യത്തില്‍ ഇന്ന് കേരളം അനുഭവിക്കുന്ന വിവേചനമില്ലായ്മ സ്വയംഭൂവായി ഉണ്ടായതല്ല. അതാണ് ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം പഠിപ്പിക്കുന്നത്. അത് നാടിന്റെ ആകെ ചരിത്രമാണ്. അയ്യങ്കാളിയുടെ പ്രക്ഷോഭത്തിന് തുടക്കമിട്ട സ്ഥലം എന്ന നിലയില്‍ ഊരൂട്ടമ്പലത്തെ പള്ളിക്കൂടം പറയുന്നത് വേറിട്ട ചരിത്രം കൂടിയാണ്.
വിദ്യാഭ്യാസ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന നേട്ടങ്ങള്‍ കേരളം ഉണ്ടാക്കിയത് പൊതുവിദ്യാലയങ്ങളിലൂടെയാണ്. ആഗോളവത്കരണം നയം നടപ്പാക്കാന്‍ തുടങ്ങിയതോടെ എന്തിനും ലാഭേച്ഛ കടന്ന് വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റംവന്നു. വിദ്യാഭ്യാസ സ്ഥാപനം എന്നത് പൊതുസേവനത്തിന് വേണ്ടിയുള്ളതാണെന്നാണ് മുമ്പ് സുപ്രീംകോടതി വിലയിരുത്തിയിരുന്നത്.
ആഗോളവത്കരണം നയത്തിന് ശേഷം സുപ്രീംകോടതി കേവലം വാണിജ്യസ്ഥാപനമായി വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിശേഷിപ്പിക്കുന്ന സ്ഥതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.