കാബൂള്‍ ഭീകരാക്രമണം: ‘ഈ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?’

Posted on: June 2, 2017 9:46 am | Last updated: June 2, 2017 at 9:46 am
സ്‌ഫോടനത്തില്‍ പരുക്കേറ്റ് കാബൂള്‍ ആശുപത്രിയില്‍ കഴിയുന്നവര്‍

കാബൂള്‍: ഉഗ്രസ്‌ഫോടനം നടന്ന് ഒരു ദിവസം പിന്നിട്ട ഇന്നലെയും അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഭീതിയില്‍ നിന്ന് മുക്തമായില്ല. ഈ രാജ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് പടച്ച തമ്പുരാന് മാത്രമേ അറിയൂ- സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്ത് കടയിട്ട് ഷൂ നിര്‍മാണം നടത്തുന്ന ഗുലാം സാഖി പറഞ്ഞു. കുട്ടികള്‍ക്ക് ഇത്തിരി ഭക്ഷണത്തിനുള്ള വക തേടി മനുഷ്യര്‍ തെരുവിലിറങ്ങുന്നു. വൈകുന്നേരം തിരിച്ചെത്തുന്നത് ചേതനയറ്റ, ചിന്നിച്ചിതറിയ ശരീരമായാണ്. ഇതിങ്ങനെ പോയാല്‍ ഈ രാജ്യം എവിടെയെത്തും- ഗുലാം ചോദിക്കുന്നു. ബുധനാഴ്ച നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ 90 പേരാണ് മരിച്ചത്. 450 ലേറെ പേര്‍ക്ക് പരുക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്.

സ്‌ഫോടനത്തെ ശക്തമായി അപലപിച്ച പ്രസിഡന്റ് അശ്‌റഫ് ഗനി ഇന്നലെ പരുക്കു പറ്റിയവരെ പാര്‍പ്പിച്ച ആശുപത്രികള്‍ സന്ദര്‍ശിച്ചു. പ്രസിഡന്റിന്റെ പ്രോട്ടോകോള്‍ എല്ലാം മാറ്റിവെച്ച് ആശുപത്രികള്‍ ഏറെ സമയം ചെലവഴിച്ച് പ്രസിഡന്റ് ജനങ്ങളുടെ വേദനയിലും കണ്ണീരിലും പങ്കുചേര്‍ന്നു. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാനാകില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഇസ്മാഈല്‍ കാവുസി പറഞ്ഞു. പലതും ശരീര ഭാഗങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനുമായി ബന്ധമുള്ള ഹഖാനി ഗ്രൂപ്പാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. സര്‍ക്കാറിന്റെ ജാഗ്രതയില്ലായ്മയാണ് ഇത്തരം ആക്രമണങ്ങള്‍ തുടര്‍ക്കഥയാക്കുന്നതെന്ന് രോഷാകുലരായ ജനങ്ങള്‍ കുറ്റപ്പെടുത്തി. രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് നിരന്തരം പിഴവ് പറ്റുന്നത് എന്ത്‌കൊണ്ടാണ്. എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെട്ടു. ജനങ്ങള്‍ സുരക്ഷിതത്വം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ എന്തിനാണ് ഒരു സര്‍ക്കാര്‍- നഗരവാസികളിലൊരാള്‍ ചോദിച്ചു. ഇവിടെ ആരോടും ചോദിച്ചാലും അവര്‍ക്ക് ഒരു ബന്ധുവിനെയെങ്കിലും സ്‌ഫോടനത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന മറുപടി ലഭിക്കും. ഇത്ര വലിയ പരാജയത്തില്‍ അമര്‍ന്നു നില്‍ക്കുന്ന സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ് പോകുകയാണ് വേണ്ടത്. രഹസ്യന്വേഷണ ഏജന്‍സികള്‍ ഉടച്ച് വാര്‍ക്കണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കാന്‍ വന്ന ട്രക്കുകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്.