Connect with us

Kerala

കളിക്കൂട്ടുകാര്‍ അന്ത്യയാത്രയിലും ഒരുമിച്ചു

Published

|

Last Updated

കൊടുവള്ളി: പടനിലത്ത് നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ച കുട്ടികള്‍ വിദ്യാലയത്തിലും നാട്ടിലും കളിക്കൂട്ടുകാര്‍. ആരാമ്പ്രം ഗവ. യു പി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഇരുവരും ഏഴാംതരം ഡി ഡിവിഷനില്‍ ഒരേ ബെഞ്ചിലിരുന്നാണ് പഠനം നടത്തിയത്. ആരാമ്പ്രം കരിപ്പൂര്‍ പുറായില്‍ നായിക്കുണ്ടത്തില്‍ മുഹമ്മദ്-ഷക്കീല ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ത്താഫും അയല്‍വാസിയായ കരിപ്പൂര്‍ പുറായില്‍ ഷമീര്‍-ഷമീറ ദമ്പതികളുടെ മകന്‍ ആദിലുമാണ് മരിച്ചത്. മുഹമ്മദ് അല്‍ത്താഫ് സ്‌കൂള്‍ ഡെപ്യൂട്ടി ലീഡറായിരുന്നു. പഠന പഠനേതര വിഷയങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നതിനാല്‍ ഇരുവരും അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും എറെ പ്രിയങ്കരരായിരുന്നു. സ്‌കൂള്‍ പൊതുകാര്യങ്ങളില്‍ അധ്യാപകര്‍ക്ക് സഹായികളുമായിരുന്നു. തുടര്‍പഠനത്തിന് തൊട്ടടുത്ത ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം തരത്തില്‍ അഡ്മിഷന്‍ നേടി ഇന്ന് പഠനം തുടങ്ങാനിരിക്കെയാണ് ഇരുവരും വിധിക്ക് കീഴടങ്ങിയത്.

ഇന്ന് സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇരുവരും ഇന്നലെ ഉച്ചക്ക് 2.30ഓടെ കാല്‍നടയായി സൗത്ത് കൊടുവള്ളിയിലെ കടയില്‍ ചെരുപ്പ് വാങ്ങാനായി പുറപ്പെട്ടതായിരുന്നു. പടനിലം പാറക്കടവ് വളവിനു സമീപം വെച്ച് കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് മരണദൂതുമായെത്തിയത്. വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ച കാര്‍ റോഡരുകില്‍ വീടിന്റെ ചുറ്റുമതിലിനരികെ അട്ടിയിട്ട ചെങ്കല്ലില്‍ ഇടിച്ചാണ് നിന്നത്.
അയല്‍വാസികളായ കുരുന്നുകള്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത ആരാമ്പ്രം, പടനിലം പ്രദേശങ്ങളെ ദുഃഖത്തിലാഴ്ത്തി. ദിവസങ്ങള്‍ക്ക് മുമ്പ് പടനിലം പാലത്തില്‍ വെച്ചും ആരാമ്പ്രം-പൊയില്‍താഴം റോഡില്‍ വെച്ചും വാഹനാപകടത്തില്‍ കുട്ടികള്‍ മരിച്ചിരുന്നു.

മരണപ്പെട്ട അല്‍ത്താഫിന്റെയും ആദിലിന്റെയും പിതാക്കള്‍ ഖത്തറില്‍ ജോലി സ്ഥലത്താണ്. അല്‍ത്താഫിന് ഒരു സഹോദരനും ആദിലിന് ഒരു സഹോദരിയുമാണുള്ളത്.