ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ഇംഗ്ലണ്ട് -ബംഗ്ലാദേശ്

Posted on: June 1, 2017 9:20 am | Last updated: June 1, 2017 at 12:01 pm
ജാസന്‍ റേ ഫീല്‍ഡിംഗ് പരിശീലനത്തില്‍

ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയുടെ എട്ടാം എഡിഷന് ഇന്ന് ഇംഗ്ലണ്ട് -ബംഗ്ലാദേശ് മത്സരത്തോടെ തുടക്കം. ഐ സി സി ഏകദിന റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി പ്രാഥമികറൗണ്ട് നടക്കും. ഓരോ ഗ്രൂപ്പിലും ആദ്യരണ്ട്സ്ഥാനത്തെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. ഈ മാസം 14,15 ന് സെമിഫൈനലുകള്‍ നടക്കും. ഫൈനല്‍ പതിനെട്ടിന്.

ഗ്രൂപ്പ് എയില്‍ ആസ്‌ത്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക.
ഈ മാസം നാലിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം.
ഇന്ത്യക്കെതിരെ സന്നാഹ മത്സരത്തില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടാണ് ബംഗ്ലാദേശ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര 2-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയിരിക്കുന്നത്. 2015 ലോകകപ്പില്‍ ബംഗ്ലാദേശിനോട് പതിനഞ്ച് റണ്‍സിന് പരാജയപ്പെട്ടതിന്റെ ഓര്‍മകള്‍ ഇംഗ്ലീഷ് നിരയെ വേട്ടയാടുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എടുത്തു പറയാന്‍ കിരീട നേട്ടങ്ങളൊന്നുമില്ലാത്ത ഇംഗ്ലണ്ട് ഇത്തവണ സ്വന്തം മണ്ണില്‍ കിരീടം നേടാന്‍ ശക്തരാണ്.
ടൂര്‍ണമെന്റ് ഫേവറിറ്റുകളിലൊന്നാണ് ഇംഗ്ലണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇംഗ്ലണ്ടിനൊപ്പം കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍.
ഐ സി സി റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ബംഗ്ലാദേശ് രണ്ട് സന്നാഹ മത്സരങ്ങളിലും തോറ്റെങ്കിലും എഴുതിത്തള്ളാന്‍ സാധിക്കില്ല. വലിയ ടൂര്‍ണമെന്റുകളില്‍ അട്ടിമറി നടത്താന്‍ കെല്‍പ്പുള്ളവരാണ് ബംഗ്ലാദേശ്.