ഇന്ന് ലോക പുകയിലരഹിത ദിനം

Posted on: May 31, 2017 12:48 pm | Last updated: May 31, 2017 at 12:48 pm

തിരുവനന്തപുരം: ലോക പുകയില രഹിത ദിനമായ ഇന്ന്, വികസനത്തിന് ഭീഷണിയാകുന്ന പുകയില എന്ന സന്ദേശവുമായി സര്‍ക്കാരും ആരോഗ്യരംഗവും പൊതുസമൂഹവും കൈകോര്‍ക്കുന്നു. പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12ന് ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡി യ ത്തിലെ ഭാഗ്യമാല ഓഡി റ്റോറിയത്തില്‍ മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.

ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരള, ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവ സംയുക്തമായാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പുകയില ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, വ്യാപക ബോധവത്കരണത്തിലൂടെ പുകയില ഉപഭോഗം കുറ ക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പുകയില ഉപഭോഗം ഒരു പൊതുജനാരോഗ്യ പ്രശ്‌നം എന്ന തലത്തില്‍നിന്നും വികസന അജന്‍ഡയുടെ ഭാഗമായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന, ജില്ലാ, താലൂക്ക്, ബ്ലോക്ക്, പ്രാഥമികാരോഗ്യ കേന്ദ്ര തലങ്ങളില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

വി എസ് ശിവകുമാര്‍ എം എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ മേയര്‍ വി കെ പ്രശാന്ത്, എന്‍ എച്ച് എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. അച്യുതമേനോന്‍ സെന്ററിലെ പ്രൊഫസര്‍ എമിറെറ്റിസ് ഡോ. കെ ആര്‍ തങ്കപ്പന്‍ വിഷയാവതരണം നടത്തും.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതാ സ്വാഗതവും എന്‍ സി ഡി സ്റ്റേറ്റ് നോഡല്‍ ഓഫിസറും അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. ബിപിന്‍ ഗോപാല്‍ നന്ദിയും പറയും. നഗരസഭാ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീമതി ഐഷാ ബെക്കര്‍, ആര്‍ സി സി മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാംദാസ് കെ, പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സ്വപ്‌നകുമാരി ജെ, അച്യുതമേനോന്‍ സ്റ്റഡി സെന്ററിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ഡോ. എ എസ് പ്രദീപ്കുമാര്‍, കെ വി എച്ച് എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു ഇട്ടി, അഡിക് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്മുള എന്നിവര്‍ സംസാരിക്കും.

പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്ന വീഡിയോ ചിത്രം ചടങ്ങില്‍ പ്രകാശിപ്പിക്കും. ഉദ്ഘാടന ചടങ്ങിനുമുമ്പ് ‘കേരളത്തിലെ പുകയില ഉപയോഗം: പൊതുജനാരോഗ്യത്തില്‍നിന്ന് വികസന അജന്‍ഡയിലേക്ക്’ എന്ന വിഷയത്തില്‍ ആരോഗ്യരംഗത്തെയും പോലീസിലെയും മെഡിക്കല്‍ രംഗത്തെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും നടക്കും. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള മജീഷ്യന്‍ ഹാരിസ് താഹയുടെ മാജിക് ഷോയും ദിനാചരണത്തിന്റെ ഭാഗമായി നടക്കും.