കണ്ണില്ലാത്ത ക്രൂരത; ജീവച്ഛവമായി കന്നുകാലി വ്യാപാരി

Posted on: May 31, 2017 11:37 am | Last updated: May 31, 2017 at 11:37 am
SHARE


കാസര്‍കോട്‌: ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന നിര്‍ധനകുടുംബത്തെ പോറ്റാന്‍ ആര്‍ക്കും ഒരു ഉപദ്രവും ചെയ്യാതെ കന്നുകാലി കച്ചവടം നടത്തിയിരുന്ന ഒരു യുവാവ് അതിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരത ആരുടെയും കരളലിയിപ്പിക്കുന്നത്. കാസര്‍കോട് മംഗല്‍പ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്ന അബ്ദുസ്സമീര്‍ എന്ന മുപ്പത്താറുകാരനായ യുവാവ് ഇന്നൊരു ജീവഛവമാണ്. രണ്ട് കാലുകളും തല്ലിയൊടിക്കപ്പെട്ടും ശരീരത്തിന്റെ പകുതി ഭാഗം തളര്‍ന്നും മരണതുല്യമായ ജീവിതം നയിക്കുന്ന ഈ ചെറുപ്പക്കാരന് മൂന്ന് വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കമാണ്.

കര്‍ണാടകയില്‍ നിന്ന് കന്നുകാലികളെ വ്യാപാരാവശ്യത്തിനായി ലോറികളില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന ജോലിയായിരുന്നു അബ്ദുസ്സമീറിന്. കര്‍ണാടകയിലെ സുബ്രഹ്മണ്യയില്‍ നിന്നും സുള്ള്യയില്‍ നിന്നും പോത്തുകളെയും കന്നുകാലികളെയും ലോറികളില്‍ കൊണ്ടുവന്ന് വ്യാപാരം നടത്തുന്ന വകയില്‍ കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് ജീവിച്ചുവരുന്നതിനിടെയാണ് അവിചാരിതമായി സമീര്‍ സംഘടിതമായ ആക്രമണത്തിനിരയായത്. 2014 ആഗസ്റ്റ് 24ന് പോത്തുകളെയും വഹിച്ചുകൊണ്ടുള്ള വണ്ടി കര്‍ണാടക ബൈനൂരില്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ ലോറി തടയുകയും വാഹനത്തിന്റെ മുന്‍വശത്തെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സമീറിനെ വലിച്ചിറക്കിയ ശേഷം ഇരുമ്പുവടി കൊണ്ട് തലക്കടിക്കുകയും ഇരുകാലുകളും തല്ലിയൊടിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ സമീര്‍ മരിച്ചെന്നുകരുതി സംഘം പോത്തുകളെയും കൊണ്ട് ലോറിയില്‍ സ്ഥലം വിട്ടു. തലക്കും ശരീരത്തിലും മാരകമായ പരുക്കുകളോടെ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന സമീറിനെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

മൂന്ന് മാസത്തോളം സമീര്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഇരുമ്പ് വടികൊണ്ടുള്ള അടിയില്‍ തലച്ചോറിനേറ്റ ക്ഷതം മൂലം സമീറിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നിരുന്നു. രണ്ട് കാലുകളുടെയും അസ്ഥികള്‍ പൊട്ടിയതായും പരിശോധനയില്‍ വ്യക്തമായി. ബോധം തെളിഞ്ഞ ശേഷം സമീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും പ്രതികള്‍ പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. പ്രതികളെല്ലാം ബജ്‌റംഗ്ദളിന്റെ സജീവപ്രവര്‍ത്തകരാണെന്നും തെളിഞ്ഞു. ഈ കേസിന്റെ തുടര്‍ നടപടികളെന്തായെന്നതിനെക്കുറിച്ച് സമീറിന് ധാരണയൊന്നുമില്ല. പലരുടെയും സഹായത്തോടെ വിവിധ ആശുപത്രികളില്‍ സമീറിന്റെ ചികിത്സ നടത്തിയെങ്കിലും ലക്ഷങ്ങള്‍ ചെലവായെന്നല്ലാതെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

ഉദാരമതികളുടെ കാരുണ്യം കൊണ്ടാണ് സമീറിന്റെയും കുടുംബത്തിന്റെയും വീട്ടുചെലവുകള്‍ കഴിഞ്ഞുപോകുന്നത്. സമീറിന്റെ ഭാര്യ സുഹ്‌റ മുമ്പ് ഉപ്പളയിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തിരുന്നു. ഭര്‍ത്താവിന്റെ പരിചരണവും മക്കളുടെ കാര്യങ്ങളും നോക്കേണ്ടതിനാല്‍ ഇപ്പോള്‍ ജോലിക്കുപോകാന്‍ കഴിയുന്നില്ല. സമീറിന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പോലും പരസഹായം ആവശ്യമാണ്.
ഒരുദിവസം മാത്രം 500 രൂപയുടെ മരുന്നുവേണം. ക്വാര്‍ട്ടേഴ്‌സ് വാടകയായി 2000 രൂപ നല്‍കുന്നു. കുറച്ചുകാലം വീട്ടുവാടക ഗള്‍ഫിലുള്ള ഒരാള്‍ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ ആ സഹായവും നിലച്ചിരിക്കുകയാണെന്നും സുഹ്‌റ പറയുന്നു. റമസാന്‍ വ്രതമാസത്തില്‍ കണ്ണീരും പ്രാര്‍ഥനകളുമായി കഴിയുന്ന ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി സമീറിന്റെ തുടര്‍ചികിത്സക്ക് വേണ്ട സഹായങ്ങള്‍ മനുഷ്യസ്‌നേഹികള്‍ നല്‍കുമെന്ന പ്രതീക്ഷ ഇവര്‍ കൈവിട്ടിട്ടില്ല. സഹായങ്ങള്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍ 67382139360 ഐ എഫ് എസ് സി-എസ് ബി ടി ആര്‍ 0001167 എന്ന അക്കൗണ്ട് നമ്പറില്‍ അയക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here