മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിന് നേരെ ആക്രമണം; 9 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Posted on: May 31, 2017 10:24 am | Last updated: May 31, 2017 at 1:28 pm

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനു മലയാളി വിദ്യാര്‍ഥി സൂരജിന് മര്‍ദനമേറ്റ സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മര്‍ദനം, തടഞ്ഞുവയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍!ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പരാതിയില്‍, മര്‍ദനത്തിനിരയായി ചികിത്സയിലുള്ള മലയാളി വിദ്യാര്‍ഥി സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണു മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിക്ക് അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. ഇതില്‍ മലപ്പുറം സ്വദേശിയും എയ്‌റോസ്‌പേസ് പിഎച്ച്ഡി വിദ്യാര്‍ഥിയുമായ ആര്‍.സൂരജിന്റെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റു. ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാര്‍ഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്. ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതായി സൂരജിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ക്യാംപസ് അധികൃതര്‍ക്കും കോട്ടൂര്‍പുരം പൊലീസ് സ്‌റ്റേഷനിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞദിവസം ഐഐടി ക്യാംപസില്‍ സൂരജടക്കമുള്ള വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അമ്പതോളം വിദ്യാര്‍ത്ഥികളാണു സമരത്തില്‍ പങ്കെടുത്തത്. തൊട്ടടുത്തദിവസം ഹോസ്റ്റല്‍ മെസില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമിസംഘമെത്തി സൂരജ് ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചത്‌