ഉ. കൊറിയന്‍ മിസൈല്‍: അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന്‍

Posted on: May 30, 2017 8:34 am | Last updated: May 30, 2017 at 2:36 pm

ടോക്യോ: ജപ്പാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയയുടെ നടപടി ഉയര്‍ത്തിക്കാട്ടി അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന്‍. ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അമേരിക്കയുമായി കൈകോര്‍ക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. ഉ. കൊറിയ സ്‌കഡ് മിസൈല്‍ പരീക്ഷണം നടത്തിയതിന് പിറകേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും ആഴ്ചക്കം മൂന്നമത്തേയും ഈ വര്‍ഷം 12ാമത്തെയും മിസൈല്‍ പരീക്ഷണമാണ് ഉത്തര കൊറിയ ഇന്നലെ നടത്തിയത്.
480 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് സ്‌കഡ് ക്ലാസില്‍പ്പെട്ട ബാലിസ്റ്റിക് മിസൈല്‍ കടലില്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ കൈവശം ഹ്രസ്വദൂര മിസൈലുകള്‍ ധാരാളമായുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ജപ്പാന്‍ സമുദ്രാതിര്‍ത്തിയില്‍ പതിച്ചു.

അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തരമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചും പ്രകോപനം സൃഷ്ടിക്കുന്ന ഉത്തര കൊറിയയെ ഒരു കാരണവശാലും വെറുതെ വിടാനാകില്ലെന്ന് ആബേ പറഞ്ഞു. ജി 7 ഉച്ചകോടിയില്‍ എടുത്ത തീരുമാനപ്രകാരം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലെ ഏറ്റവും പ്രധാന പ്രശ്‌നമായി ഉത്തര കൊറിയ മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ജപ്പാനെ യാതൊന്നും പിന്തിരിപ്പിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഉത്തര കൊറിയന്‍ മിസൈല്‍ അയല്‍രാജ്യമായ ജപ്പാന് അടുത്ത് പതിക്കുന്നത്. ഇത് ജപ്പാനീസ് ജനതക്കിടയില്‍ വലിയ അരക്ഷിതാ ബോധം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് അവസരമാക്കി യു എസുമായി തന്ത്രപര ബന്ധം ശക്തമാക്കുകയാണ് ഷിന്‍സോ ആബേ ഭരണകൂടം. ആബേ നേരത്തേ തന്നെ തന്റെ യു എസ് പക്ഷപാതിത്വം വ്യക്തമാക്കിയ നേതാവാണ്. ഉത്തര കൊറിയയുമായി ഒരു തുറന്ന യുദ്ധത്തിലേക്ക് പോകുന്നതിനോട് യു എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കഴിഞ്ഞ ദിവസം വിയോജിപ്പ് പ്രകടിപ്പിച്ചത് ആഗോള വിദഗ്ധരെ അത്ഭുതപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുമ്പോഴും പ്രായോഗികമായ സമീപനമാണ് മാറ്റിസ് പുറത്തെടുത്തത്. ഉ. കൊറിയ ഉത്തരവാദിത്വമില്ലാത്ത ആണശക്തിയാണെന്നും അവര്‍ സായുധ സജ്ജരാണെന്നും അതിനാല്‍ എടുത്തു ചാട്ടം ദുരന്തമായിരിക്കുമെന്നും മാറ്റിസ് പറയുന്നു.