Connect with us

Kerala

കേന്ദ്ര സര്‍ക്കാര്‍ നടപടി ന്യൂനപക്ഷങ്ങളെയും അടിസ്ഥാന വിഭാഗങ്ങളെയും ഗുരുതരമായി ബാധിക്കും: എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം: കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അടിസ്ഥാന വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പട്ടിണിയിലാക്കുമെന്ന് മന്ത്രി എ കെ ബാലന്‍.

മനുഷ്യന്റെ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഈ ഉത്തരവ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഈ തീരുമാനം കേവലം പരിസ്ഥിതി വകുപ്പിന്റെ ഉത്തരവായി മാത്രം കാണാന്‍ കഴിയില്ല. ആര്‍എസ്എസിന്റെ അജണ്ടയാണ് ഇതിന് പിന്നില്‍. പാവപ്പെട്ട ജനവിഭാഗങ്ങളെയോര്‍ത്ത് പ്രധാനമന്ത്രി ഈ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധ്വാനശീലരായ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ആഹാരത്തിന്റെ ഭാഗമാണ് താരതമ്യേന വില കുറച്ചു ലഭിക്കുന്ന പോഷകാഹാരമായ മാംസം. കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വലിയ തോതില്‍ ബാധിക്കുന്നത് ഈ പാവങ്ങളെയാണ്. ന്യൂനപക്ഷങ്ങളെ ആദ്യം ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി. കുടില്‍ വ്യവസായം എന്ന നിലയില്‍ തുകല്‍ വ്യവസായം ഈ ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതാണ്. ഈ ഉത്തരവിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് തൊഴിലും നഷ്ടപ്പെടാന്‍ പോകുകയാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.