കെ എസ് ആര്‍ ടി സിയുടെ കേസുകളില്‍ നിന്ന് അഡ്വ. ഹാരിസ് ബീരാനെ ഒഴിവാക്കി

Posted on: May 27, 2017 11:59 am | Last updated: May 27, 2017 at 1:21 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ കേസുകള്‍ സുപ്രീം കോടതിയില്‍ വാദിക്കന്നതില്‍ നിന്ന് അഡ്വ. ഹാരിസ് ബീരാനെ ഒഴിവാക്കി. ഡി ജി പി. ടി പി സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബീരാനെ ഒഴിവാക്കിയത്. ഡി ജി പി സ്ഥാനത്തേക്കുള്ള പുനര്‍ നിയമനം സംബന്ധിച്ച് ഹാരിസ് ബീരാനാണ് സെന്‍കുമാറിന് വേണ്ടി വാദിച്ചത്. കേസില്‍ സര്‍ക്കാറിന് തിരിച്ചടി നേരിട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബീരാനെ മാറ്റിയത്.

ഇത് സംബന്ധിച്ച കത്ത് ഗതാഗത മന്ത്രി കെ എസ് ആര്‍ ടി സി എം ഡിക്ക് കൈമാറി. വി ഗിരിയാണ് പുതിയ അഭിഭാഷകന്‍. പത്ത് വര്‍ഷത്തിലേറെയായി സുപ്രീം കോടതിയില്‍ കെ എസ് ആര്‍ ടി യുടെ കേസുകള്‍ നടത്തുന്നത് ഹാരിസ് ബീരാനാണ്. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലറായ ജോണ്‍ മാത്യുവിനെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്ന് മാസത്തിനിടെ 13 കേസുകളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണിത്.