കശാപ്പ് നിരോധനത്തില്‍ പ്രതിഷേധം ശക്തം; കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി; ഭരണകൂട ഭീകരതയെന്ന്‌ പ്രതിപക്ഷ നേതാവ്

Posted on: May 27, 2017 11:19 am | Last updated: May 27, 2017 at 1:21 pm

തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. അതിനാല്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ ആവശ്യമാണ്. വിജ്ഞാപനത്തിനെതിരെ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കാനാണ് സര്‍ക്കാര്‍തലത്തിലുണ്ടായ തീരുമാനം. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി ജെ പിയുടേത് ഭരണകൂട ഭീകരതയാണ്. രാജ്യത്ത് ഗുണ്ടാ രാജ് നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മൃഗ സംരക്ഷണത്തിന്റെ മനുഷ്യന്റെ ഭക്ഷണം മുടക്കുന്നത് പ്രാകൃതമാണ്. കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം കേരളത്തിന്റെ മതേതരത്വത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.