Ongoing News
എഫ് എ കപ്പ് ഫൈനലില്‍ ഇന്ന് ആഴ്‌സണല്‍ - ചെല്‍സി പോരാട്ടം

ലണ്ടന്‍: വെംബ്ലിയില്‍ ഇന്ന് ആഴ്‌സണലും ചെല്‍സിയും തമ്മില്‍ എഫ് എ കപ്പിനായ് കൊമ്പുകോര്‍ക്കും. യുദ്ധക്കളത്തില്‍ അന്റോണിയോ കോന്റെയുടെ ചെല്‍സിക്ക് നേരിയ മുന്‍തൂക്കമുണ്ട്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍ എന്നത് കോന്റെയുടെ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആഴ്‌സണല്‍ സമ്മര്‍ദത്തിലാണ്. സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് നഷ്ടമായതിന്റെ നാണക്കേടില്‍ നില്‍ക്കുന്ന ഗണ്ണേഴ്‌സിന് എഫ് എ കപ്പ് നേടിയേ തീരൂ. കോച്ച് ആര്‍സെന്‍ വെംഗറുടെ നിലയാണ് ഏറെ പരിതാപകരം. വെംഗറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയത്തിന് പുറത്തും ക്ലബ്ബ് ആസ്ഥാനത്തുമെല്ലാം പ്രതിഷേധം അലയടിക്കുകയാണ്. ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകന്‍ എന്നറിയപ്പെടുമ്പോഴും തുടരെ സീസണുകളില്‍ പ്രീമിയര്‍ ലീഗ് നേടാനാകാതെ പോയതും ഇത്തവണ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് നഷ്ടമായതും വെംഗര്‍ക്ക് തിരിച്ചടിയായി. ട്രാന്‍സ്ഫറില്‍ മറ്റ് ക്ലബ്ബുകള്‍ മികച്ച താരങ്ങളെ സ്വന്തമാക്കി നില മെച്ചപ്പെടുത്തിയതും വെംഗര്‍ക്ക് തിരിച്ചടിയാണ്. ഹൊസെ മൗറിഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ യൂറോപ ലീഗ് കിരീടത്തിലേക്ക് നയിച്ചതും ആഴ്‌സണല്‍ ആരാധകരെ വിറളിപിടിപ്പിക്കുന്നു.
ലോറന്റ് കോസിന്‍ലെ സസ്‌പെന്‍ഷനിലായതും ഗബ്രിയേല്‍ കീരന്‍ കീബ്‌സ്, മുസ്താഫി എന്നിവര്‍ക്ക് പരിക്കേറ്റതും ആഴ്‌സണലിന്റെ പ്രതിരോധ നിരയുടെ ശക്തി കുറയ്ക്കുന്നു. അതേ സമയം പരിചയ സമ്പന്നനായ പെര്‍ മെര്‍റ്റെസാക്കര്‍ തിരിച്ചെത്തുമെന്നത് ആശ്വാസമാണ്. പതിമൂന്ന് മാസത്തിനിടെ ആദ്യ മത്സരത്തിനാണ് ജര്‍മന്‍ഡിഫന്‍ഡര്‍ തയ്യാറെടുക്കുന്നത്.
ചെല്‍സി കോച്ച് കോന്റെ വിംഗറായി ബ്രസീലിന്റെ വില്ലെയ്‌നാകും അവസരം നല്‍കുക. സീസണിലെ എല്ലാ എഫ്് എ കപ്പ് മത്സരത്തിലും വില്ലെയ്ന്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം പിടിച്ചിരുന്നു.
ചെല്‍സി കോച്ച് അന്റോണിയോ കോന്റെ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറെ സമ്മര്‍ദത്തിലാഴ്ത്താനല്ല ശ്രമിക്കുന്നത് എന്നത് ശ്രദ്ധേയം. സാധാരണ ഫൈനലിന് മുമ്പ് പരിശീലകര്‍ തമ്മില്‍ സമ്മര്‍ദ തന്ത്രം പ്രയോഗിക്കാറുണ്ട്. കോന്റെ വ്യത്യസ്തനാകുന്ന കാഴ്ചയാണിവിടെ. ആഴ്‌സണലിന്റെ ഇതിഹാസമാണ് ആര്‍സെന്‍ വെംഗറെന്ന് കോന്റെ പറയുന്നു. വെംഗര്‍ ഗണ്ണേഴ്‌സിനൊപ്പം തുടരുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും കോന്റെ പറഞ്ഞു.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സി എഫ് എ കപ്പ് കൂടി ഡബിള്‍ തികയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
ആഴ്‌സണല്‍ മാനേജ്‌മെന്റ് രണ്ട് തട്ടിലാണ്. കിരീടം നേടുന്നതിനേക്കാള്‍ പ്രാധാന്യം അടുത്ത സീസണിലേക്കുള്ള പരിശീലകനെ തീരുമാനിക്കുന്നതാണ്. എഫ് എ കപ്പ് നേടിയാല്‍ വെംഗര്‍ക്ക് കോച്ചായി തുടരാനുള്ള സാധ്യത നിലനില്‍ക്കും. അതേ സമയം, ബോര്‍ഡിനുള്ളില്‍ വെംഗറെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ക്ലബ്ബ് ആരാധകര്‍ മത്സരം ഉപേക്ഷിച്ചു കൊണ്ട് വെംഗര്‍ക്കെതിരെ തിരിയുമോ എന്നത് കണ്ടറിയണം. പ്രീമിയര്‍ ലീഗിലെ അവസാന മത്സരങ്ങളില്‍ ആഴ്‌സണല്‍ ആരാധകര്‍ കുറവായിരുന്നു. വെംഗറോടുള്ള പ്രതിഷേധമായിരുന്നു ഇത്. ആര്‍സെന്‍ വെംഗറും ഇത് തിരിച്ചറിയുന്നുണ്ട്. എഫ് എ കപ്പിന് ശേഷം അറിയാം തന്റെഭാവിയെന്ന് വെംഗര്‍ പറഞ്ഞത് വെറുതെയല്ല. ചെല്‍സിയോട് തോറ്റാല്‍ ഉടന്‍ തന്നെ വെംഗര്‍ സ്ഥാനമൊഴിഞ്ഞേക്കും. കപ്പുയര്‍ത്തിയാല്‍ ക്ലബ്ബ് മാനേജ്‌മെന്റിന്റെ തീരുമാനത്തിനായി ഫ്രഞ്ച് കോച്ചിന് കാത്തിരിക്കാം.എഫ് എ കപ്പില്‍ ആഴ്‌സണലിന്റെ ചരിത്രം തിളങ്ങി നില്‍ക്കുന്നുവെന്ന് ചെല്‍സി കോച്ച് കോന്റെ പറയുന്നു. വെംഗര്‍ നിരവധി എഫ് എ കപ്പുകള്‍ നേടിയ മഹാനായ കോച്ചാണ്. തനിക്കിത് ആദ്യ അവസരവും. ഇത് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ലക്ഷ്യം. ആദ്യ അവസരത്തില്‍ തന്നെ പ്രീമിയര്‍ ലീഗ് ഉയര്‍ത്താന്‍ സാധിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്ന് കരുതി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍ ആണെന്ന അഹങ്കാരത്തോടെയല്ല ചെല്‍സി എഫ് എ കപ്പ് ഫൈനലിന് ഇറങ്ങുക. കളിക്കാരില്‍ നിന്ന് അത്തരമൊരു ചിന്തയേ അകറ്റിയിട്ടുണ്ട്. സീസണിലെ പ്രധാനപ്പെട്ട കിരീടത്തിനായി ഇറങ്ങാന്‍ പോകുന്നുവെന്ന മാനസികാവസ്ഥയിലാണ് ടീം – കോന്റെ പറഞ്ഞു.
ചെല്‍സിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വെംഗറെ പോലെ പരിശീലിപ്പിച്ച ക്ലബ്ബിന്റെ ഇതിഹാസമായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും കോന്റെ വ്യക്തമാക്കി.