ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വകുപ്പ് തീരുമാനിച്ചു.

Posted on: May 26, 2017 8:30 pm | Last updated: May 26, 2017 at 11:11 pm

ന്യൂഡല്‍ഹി/തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് െ്രെഡവിങ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്, ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലാകും.

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. 2016 ഒക്ടോബറിലാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെങ്കിലും ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കിയ സ്ഥലങ്ങളില്‍ 20 ശതമാനം വരെ അപകടങ്ങളില്‍ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്.
ഗതാഗത വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വിധി വന്ന 2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനു പിടിക്കപ്പെട്ടവരുടെ ലൈസന്‍സുകളാണ് മൂന്നു മാസത്തേക്ക് റദ്ദാക്കുക. അതിനുശേഷം ലൈസന്‍സ് പുതുക്കി നല്കും. കേരളത്തിലൊട്ടാകെ 1,58,922 പേരുടെ ലൈസന്‍സ് ശനിയാഴ്ച മുതല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നാണ് വിവരം. മദ്യപിച്ചു വാഹനമോടിക്കുക. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക, സിഗ്‌നല്‍ ലംഘിക്കുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങളെല്ലാം നടപടിയുടെ പരിധിയില്‍ വരും.