‘ഫുട്‌ബോളില്‍ ചില കവികളുണ്ട്, എന്നാല്‍ കവികളാരും കിരീടം നേടില്ല’

Posted on: May 26, 2017 11:10 am | Last updated: May 26, 2017 at 11:07 am

ഫുട്‌ബോളില്‍ കുറച്ച് കവികളുണ്ട്, പക്ഷേ കവികളൊന്നും കിരീടം സ്വന്തമാക്കില്ല -മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറീഞ്ഞോയുടെ വാക്കുകള്‍. യൂറോപ ലീഗ് കിരീടം നേടിയ ശേഷമാണ് മൗറിഞ്ഞോ സ്വതസിദ്ധ ശൈലിയില്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
എന്നാല്‍, കരിയറില്‍ താന്‍ എവിടെയും എത്തിയിട്ടില്ലെന്നും പകുതി ദൂരം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്നും പോര്‍ച്ചുഗീസ് കോച്ച് പറഞ്ഞു. സര്‍ അലക്‌സ് ഫെര്‍ഗൂസനോട് ഉപമിക്കാന്‍ മാത്രം ഒന്നും തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ താന്‍ ചെയ്തിട്ടില്ലെന്നും മൗറിഞ്ഞോ പറഞ്ഞു.

കമ്മ്യൂണിറ്റി ഷീല്‍ഡ്, ഇ എഫ് എല്‍ കപ്പ് എന്നിവക്ക് പിന്നാലെ യൂറോപ ലീഗ് കിരീടവും. ഹൊസെ മൗറിഞ്ഞോ എന്ന ചാണക്യന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ആദ്യ സീസണില്‍ സ്വന്തമാക്കിയത് മൂന്ന് കിരീടങ്ങള്‍. ഇതിനേക്കാളെല്ലാം വലുതാണ്, പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ നഷ്ടമായ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് യൂറോപ ലീഗ് ജയിച്ചു കൊണ്ട് തിരിച്ചുപിടിച്ചത്. മൂന്ന് കിരീടങ്ങള്‍, ചാമ്പ്യന്‍സ് ലീഗ് സ്‌പോട് ഇതു മാത്രം മതി തനിക്ക്. വളരെ പ്രയാസം പിടിച്ച സീസണായിരുന്നു ഇത്. അതില്‍ കുറച്ചൊക്കെ ഭംഗിയായി നടന്നുവെന്നത് സന്തോഷം നല്‍കുന്നതാണ് – മൗറിഞ്ഞോ പ്രതികരിച്ചു.
പ്രീമിയര്‍ ലീഗില്‍ രണ്ടോ മൂന്നോ നാലോ സ്ഥാനം നേടി ചാമ്പ്യന്‍സ് ലീഗില്‍ എത്തുന്നതിനേക്കാള്‍ മൗറിഞ്ഞോ ലക്ഷ്യമിട്ടത് യൂറോപ ലീഗ് കിരീട ജേതാവിനുള്ള എന്‍ട്രിയായിരുന്നു.
ഞങ്ങള്‍ കിരീടം അര്‍ഹിക്കുന്നു. ഞാനത്രയേറെ ആഹ്ലാദചിത്തനാണ്. പരിക്കേറ്റ കളിക്കാര്‍ ഒരുഭാഗത്ത് നില്‍ക്കുമ്പോഴാണ് മറുഭാഗത്ത് കിരീടവുമായി സഹതാരങ്ങള്‍ നില്‍ക്കുന്നത്. ഇനി അവധി ആഘോഷിക്കാന്‍ പോവുകയാണ്. ഒരു രാജ്യാന്തര സൗഹൃദ മത്സരം പോലും ഞാന്‍ കാണില്ല. ഞാന്‍ തന്നിഷ്ടക്കാരനാണ് – മൗറിഞ്ഞോ പറഞ്ഞു.