കണ്ണാടി നോക്കുന്ന ദളിതര്‍

Posted on: May 26, 2017 6:26 am | Last updated: May 25, 2017 at 11:27 pm

ഗുജറാത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലും ദളിതര്‍ ഉണര്‍ന്നു തുടങ്ങിയെന്നാണ് സഹാന്‍പൂരില്‍ നിന്ന് അടുത്ത ദിവസങ്ങളിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജാതിക്കോമരങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം ദളിതരുടെ ചെറുത്തുനില്‍പ്പ കൂടിയാണ് യു പിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സവര്‍ണരുടെ കൊടിയ അക്രമവും പീഡനവും സഹിച്ചു അടങ്ങിയൊതുങ്ങിക്കഴിയുകയായിരുന്നു അടുത്ത കാലം വരെ രാജ്യത്തെ ദളിത് വിഭാഗം. മോദിയുടെ അധികാരാരോഹണത്തോടെ സവര്‍ണരുടെ അക്രമവും പീഡനവും പൂര്‍വോപരി വര്‍ധിച്ചപ്പോഴാണ് ചെറുത്തുനില്‍പ്പ് ചിന്ത ശക്തമായത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്തിലെ ഉനയില്‍ ദളിത് കൂട്ടായ്മ നടത്തിയ വിമോചന പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു. ചത്ത പശുവിന്റെ തോലുരിഞ്ഞും മലം ചുമന്നും അന്നത്തിന് വക കണ്ടെത്തിയിരുന്ന ദളിതരെ ഗോവധം ആരോപിച്ചു സവര്‍ണര്‍ ക്രൂരമായി മര്‍ദിക്കുകയും അടിച്ചു കൊല്ലുകയും ചെയ്തപ്പോഴാണ് ഗുജറാത്തില്‍ ദളിതര്‍ സംഘടിച്ചത്. ഉനയിലെ സ്വാതന്ത്ര്യദിന പരിപാടിക്ക് അവര്‍ എത്തിച്ചേര്‍ന്നത് അഹമ്മദാബാദില്‍ നിന്ന് 350 കി. മീറ്റര്‍ കാല്‍ നടയാത്ര ചെയ്താണ. ഇനിയും മലം ചുമക്കാനും തോലുരിക്കാനും ചത്ത പശുവിനെ സംസ്‌കരിക്കാനും തങ്ങളെ കിട്ടില്ലെന്നുറക്കെ പ്രഖ്യാപിച്ചു പതിനായിരങ്ങളാണ് ഉനയില്‍ അന്ന് ഒത്തുചേര്‍ന്നത്.
യു പിയിലെ സഹാന്‍പൂരില്‍ ദളിത് ഗ്രാമത്തില്‍ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ചു ഉടലെടുത്ത ഭിന്നതയാണ് ഒരു മാസത്തോളമായി അവിടെ അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

പ്രതിമ സ്ഥാപിക്കാനുള്ള ദളിത് നീക്കത്തെ രജപുത്ര വിഭാഗക്കാരായ താക്കൂറുകള്‍ എതിര്‍ത്തു. അതിനിടെയാണ് രജപുത്രരാജാവായിരുന്ന മഹാറാണ പ്രതാപിന്റെ സ്മരണാര്‍ഥം താക്കൂര്‍ യുവാക്കള്‍ ദളിത് ക്ഷേത്രത്തിനു മുന്നിലൂടെ അനുമതിയില്ലാതെ ഘോഷയാത്ര സംഘടിപ്പിച്ചത്. ദളിതര്‍ ഇതിനെ ചോദ്യംചെയ്തു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിനിടെ നിരവധി ദളിത് വീടുകള്‍ അഗ്നിക്കിരയാക്കി. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ വന്‍പ്രതിഷേധറാലി നടത്തിയാണ് ഈ ആക്രമത്തിനെതിരെ ദളിതര്‍ പ്രതികരിച്ചത്. പോലീസ് വിലക്കുണ്ടായിട്ടും റാലിക്ക് അര ലക്ഷത്തോളം ദളിതര്‍ എത്തിയത് അധികൃതരെ ഞെട്ടിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചെങ്കിലും നവമാധ്യമങ്ങളിലൂടെ നല്‍കിയ ആഹ്വാനത്തെ തുടര്‍ന്നാണ് ജനങ്ങള്‍ പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ദളിതര്‍ ഹിന്ദുമതം ഉപേക്ഷിക്കുന്ന ചടങ്ങുകളും നടന്നു. നിരവധി പേര്‍ ഹിന്ദു ആചാരപ്രകാരം കെട്ടിയ ചരടുകള്‍ മുറിച്ചെറിഞ്ഞു. ‘നീതിക്കുവേണ്ടിയുള്ള മറ്റൊരു പോരാട്ടമാണിത്. വിജയം വരെ ഈ പോരാട്ടം തുടരു’മെന്ന് റാലിയെ അഭിസംബോധന ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. താക്കൂര്‍ അടിച്ചമര്‍ത്തലുകള്‍ക്ക് ഇനി വിധേയപ്പെടില്ലെന്ന പ്രതിജ്ഞയോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്.

മാനുഷിക പരിഗണന പോലും കല്‍പ്പിക്കപ്പെടാതെ മൃഗസമാനമായാണ് രാജ്യത്തെ ജാതിമേധാവിത്വം ദളിതരെ കാണുന്നത്. നിരന്തരമായ അപമാനം സഹിച്ചു ഭയത്തിന്റെ അന്തരീക്ഷത്തിലാണ് അവരുടെ ജീവിതം. തീണ്ടലും തൊട്ടുകൂടായ്മയും നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുകിണറുകളില്‍ നിന്ന് വെള്ളം എടുക്കാന്‍ ദളിതര്‍ക്ക് അനുവാദമില്ല. താക്കൂര്‍ വിഭാഗത്തിന്റെ കിണറില്‍ നിന്നു വെള്ളം കുടിച്ചതിന്റെ പേരിലാണ് ഇതിനിടെ യു പിയില്‍ ദളിത് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത്. ദളിതരുടെ മുടി വെട്ടിക്കൊടുക്കാന്‍ ബാര്‍ബര്‍മാര്‍ വിസമ്മതിക്കുന്നു. കടകളില്‍ നിന്ന് ചായ കുടിക്കണമെങ്കില്‍ അവര്‍ കൈയില്‍ സ്വന്തം കപ്പ് കരുതണം. ആരെങ്കിലും അറിയാതെ അവരെ തൊട്ടുപോയാല്‍ കൈ കഴുകി ‘ശുദ്ധി’യാക്കണം. ചത്ത മൃഗങ്ങളുടെ തോലുരിക്കാന്‍ വിസമ്മതിച്ചാല്‍ പ്രാദേശിക പ്രമാണിമാരുടെ ക്രൂരതക്കിരയാകും. തോലുരിച്ചാല്‍ പശുരക്ഷകരുടെ മര്‍ദനം ഏല്‍ക്കുകയും വേണം. ഇതൊക്കെ കൊള്ളാനും സഹിക്കാനും വിധിക്കപ്പെട്ടവരാണ് ദളിതരെന്നാണ് ആര്യന്മാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ജാതി വ്യവസ്ഥ പറഞ്ഞു പഠിപ്പിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ ദളിതര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അവര്‍ കണ്ണാടി നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ‘ഇന്ത്യ ദളിതരുടെ രാജ്യമാണ.് ഞങ്ങള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ കടന്നുവന്ന ആര്യന്മാര്‍ നാടുവിടേണ്ടി വരു’മെന്ന് ഡല്‍ഹിയില്‍ ഭരണകൂടത്തിന്റെ മുമ്പാകെ പ്രഖ്യാപിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിന് കരുത്ത് നല്‍കിയത് ഈ തിരിച്ചറിവാണ്.

ഉനയിലെ സ്വാതന്ത്ര്യ പ്രഖ്യാപനവും ജന്തര്‍ മന്ദിറിലെ പ്രതിഷേധ റാലിയും ജെ എന്‍ യു, ഹൈദരാബാദ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥി മുന്നേറ്റവുമെല്ലാം ദളിത് വിഭാഗത്തിനും രാജ്യത്തെ ഫാസിസ്റ്റ്‌വിരുദ്ധ ജനസമൂഹത്തിനും പ്രതീക്ഷയേകുന്ന സംഭവങ്ങളാണ്. ഒപ്പം ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന വരേണ്യ വര്‍ഗത്തിനും അവരെ സേവിക്കുന്ന മാധ്യമങ്ങള്‍ക്കും കനത്ത താക്കീതും.