സഹകരണ ബേങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ്‌

Posted on: May 25, 2017 11:50 pm | Last updated: May 25, 2017 at 11:21 pm

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിഭൂമി വ്യാജ രേഖയുണ്ടാക്കി പണയം വെച്ച് സംസ്ഥാന സഹകരണ ബേങ്കില്‍ നിന്ന് കോടികളുടെ വായ്പ തട്ടിപ്പ്. ഇത് സംബന്ധിച്ച് പാലക്കാട് ശാഖയുടെ പരാതിയില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സഹകരണ ആര്‍ബിട്രേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. അട്ടപ്പാടിയിലെ കാറ്റാടി കുംഭകോണം സംബന്ധിച്ച 2010ലെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കോട്ടത്തറ വില്ലേജിലെ 1275 സര്‍വേ നമ്പറില്‍ പെട്ട ഭൂമിയുടെ വിസ്തീര്‍ണത്തിന്റെ മൂന്നിരട്ടിയോളം ഭൂമിയിലാണ് വ്യാജ രേഖയുണ്ടാക്കി സംസ്ഥാന സഹകരണ ബേങ്കില്‍ വായ്പാ തട്ടിപ്പ് നടത്തിയിട്ടുള്ളത്. 2008ല്‍ മുപ്പത് ലക്ഷത്തോളം രൂപ ഇങ്ങനെ വായ്പയെടുത്ത കാസര്‍കോട് സ്വദേശിയുടെ ഭൂമി റവന്യൂ റിക്കവറിക്കായി എത്തിയപ്പോഴാണ് രേഖയില്‍ പറയുന്ന പ്രകാരം ഭൂമിയില്ലെന്ന് ബേങ്ക് അധികൃതര്‍ അറിയുന്നത്. ബേങ്ക് നല്‍കിയ പരാതിയില്‍ കാസര്‍കോട് സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുസംബന്ധിച്ച് സഹകരണ ആര്‍ബിട്രേഷന്‍ ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് സമാനമായ ഇരുപതോളം തട്ടിപ്പുകള്‍ കണ്ടെത്തിയത്. ഇരുപത് കോടിയിലേറെ രൂപ വ്യാജ പ്രമാണങ്ങള്‍ പണയം വെച്ച് വായ്പയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വ്യാജ പ്രമാണങ്ങള്‍ ചമച്ച ഭൂമി ആദിവാസികളുടേതാണെന്ന് കാറ്റാടി കുംഭകോണം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമെ അട്ടപ്പാടി കോട്ടത്തറ വില്ലേജിലെ 1819 സര്‍വേ നമ്പറില്‍ പെട്ട നാനൂറേക്കറോളം ഭൂമി ഭൂമാഫിയ കൈയേറിയതായും കണ്ടെത്തിയിട്ടുണ്ട്്. ഇതേ സര്‍വേ നമ്പറില്‍ നേരത്തെ ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഭൂമി വാസയോഗ്യമല്ലാത്തതിനാല്‍ ഉപേക്ഷിച്ച് പോയതിന് പിറകെ വ്യാജ രേഖകളുണ്ടാക്കി ഭൂമാഫിയ കൈക്കലാക്കുകയും ചെയ്തു.
404 ഏക്കര്‍ ഭൂമി 1973ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തതാണ്. നൂറ്റമ്പതോളം ആദിവാസികള്‍ക്ക് ഇവിടെ പട്ടയം നല്‍കി. ഭൂമി എവിടെയെന്ന് മനസിലാക്കാന്‍ കഴിയാത്ത ആദിവാസികളുടെ പട്ടയം 1999ല്‍ റദ്ദാക്കി. ഇതേ പട്ടയഭൂമിയില്‍ ചെങ്ങറ സമരക്കാര്‍ക്കും ഭൂമി നല്‍കി. വാസയോഗ്യമല്ലെന്ന് പറഞ്ഞ് ഭൂമി ഉപേക്ഷിച്ച് പോയതിന് പിന്നാലെ ഇവിടെ ഭൂമാഫിയ കൈയേറുകയായിരുന്നു. പ്ലോട്ടുകളാക്കി തിരിച്ചാണ് ഭൂമാഫിയ ഇപ്പോള്‍ ഭൂമി കൈവശമാക്കിയിരിക്കുന്നത്.