International
ഉ.കൊറിയയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ചൈന

യു എന്‍ : ഉത്തര കൊറിയ ആണവ പരീക്ഷണങ്ങളും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ആണവായുധമുക്തമാക്കുകയെന്ന നേട്ടം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുമായി ഉത്തര കൊറിയയുമായി പുതിയ ചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യം വളരെ ശക്തമാണെന്ന് ചൈനയുടെ യു എന്‍ അംബാസഡര്‍ പറഞ്ഞു. ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്തി കൊറിയന്‍ ഉപദ്വീപില്‍നിന്നും ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമം നടത്തണമെന്നും നിലവിലെ സ്ഥിതിയില്‍ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് പറയുന്നതിന് കാരണമില്ലെന്നും ചൈനീസ് അംബാസഡര്‍ ലിയു ജീയി പറഞ്ഞു.
വടക്കന്‍ കൊറിയയുടെ ഏറ്റവും പുതിയ മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലിയു. വടക്കന്‍ കൊറിയക്കെതിരെ കൂടുതല്‍ ശക്തമായ പുതിയ ഉപരോധത്തിന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ ഉത്തര കൊറിയക്കെതിരെ സുരക്ഷാ കൗണ്‍സില്‍ നിലവില്‍ ആറ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലിയു പറഞ്ഞു.