സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് നാളെ തുടക്കം

Posted on: May 24, 2017 9:39 pm | Last updated: May 25, 2017 at 2:00 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നാളെ(മേയ് 26) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനാകും. ഉദ്ഘാടനചടങ്ങില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആയിരം മണ്‍ചെരാതുകള്‍ തെളിച്ച് നിശാഗന്ധിയെ പ്രകാശപൂരിതമാക്കും

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ കെ.എം. മാണി, ഡോ. എം.കെ. മുനീര്‍, കെ.ബി. ഗണേശ് കുമാര്‍, കോവൂര്‍ കുഞ്ഞമോന്‍, ഒ.
രാജഗോപാല്‍, അനൂപ് ജേക്കബ്, എന്‍. വിജയന്‍ പിള്ള, കെ. മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേരും. മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ. ടി.എം. തോമസ് ഐസക്, എ.സി. മൊയ്തീന്‍, എം.എം. മണി, ജെ. മെഴ്‌സിക്കുട്ടി അമ്മ, അഡ്വ. കെ. രാജു, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ സന്നിഹിതരായിരിക്കും.

തിരുവനന്തപുരം നഗരകുടിവെള്ള പദ്ധതിയില്‍ നെയ്യാറില്‍നിന്ന് അരുവിക്കരയില്‍ വെള്ളമെത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിക്കും. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സരേന്ദ്രന്‍ സ്വാഗതവും ചീഫ് സെക്രട്ടറി നളിനി നെറ്റോ നന്ദിയും പറയും. ചടങ്ങിനെ തുടര്‍ന്ന്, ബാലഭാസ്‌കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസല്‍ ഖറേഷി എന്നിവര്‍ അവതരിപ്പിക്കുന്ന ബിഗ് ബാന്‍ഡ് സംഗീതപരിപാടി അരങ്ങേറും.