Editorial
ഹസന്‍ റൂഹാനിയുടെ രണ്ടാമൂഴം

ലോകരാജ്യങ്ങളുമായി കൂടുതല്‍ ഊഷ്മളമായ ബന്ധത്തിന് ശ്രമിക്കുമെന്നും സംഘര്‍ഷാത്മക വിദേശനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന തന്റെ മുന്‍ നിലപാട് കുറേക്കൂടി ഫലപ്രദമായി നടപ്പാക്കുമെന്നും ഇറാനില്‍ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിരിക്കുന്നു. ഇറാനില്‍ പ്രസിഡന്റ് പദവിയില്‍ ഒരു ഊഴം കൂടി ലഭിക്കുകയെന്നത് വലിയ സംഭവമല്ലെങ്കിലും ഇത്തവണ റൂഹാനി നേടിയ വിജയം ആ രാജ്യത്ത് സംഭവിക്കുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണ്. യോഗ്യരായ വോട്ടര്‍മാരില്‍ എഴുപത് ശതമാനം പേര്‍ പങ്കാളികളായ തിരഞ്ഞെടുപ്പില്‍ 57 ശതമാനത്തിലധികം വോട്ടുകളാണ് റൂഹാനി സ്വന്തമാക്കിയത്. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ അടക്കമുള്ള യാഥാസ്ഥിതിക വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന ഇബ്‌റാഹിം റഈസിക്കും മറ്റു സ്ഥാനാര്‍ഥികള്‍ക്കും ബാക്കിയുള്ള വോട്ട് പങ്കിട്ടെടുത്ത് തൃപ്തിയടയേണ്ടിവന്നു. നാല് മണിക്കൂറിലധികം സമയം നീട്ടി നല്‍കിയപ്പോള്‍ രാത്രി വൈകി വരെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താനായി വരി നിന്നു. തിന്‍മയുടെ അച്ചുതണ്ടെന്ന് പാശ്ചാത്യര്‍ വിളിക്കുന്ന ഇറാനില്‍ ജനാധിപത്യ അവബോധം അതിശക്തമാകുന്നതിന്റെ സൂചനയായാണ് ആഗോള മാധ്യമങ്ങള്‍ ഇതിനെ കണ്ടത്. പലരും ഇന്ത്യന്‍ കാഴ്ചയോടാണ് ഇത്തവണത്തെ ഇറാന്‍ തിരഞ്ഞെടുപ്പിനെ ഉപമിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുപ്രീം കൗണ്‍സിലിന്റെ ഇടപെടല്‍ അടക്കം പ്രാതിനിധ്യ ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും ഈ ശിയാ ഭൂരിപക്ഷം രാഷ്ട്രം അര്‍ഥവത്തായ ജനാധിപത്യത്തിലേക്ക് ചുവടുവെക്കുന്നുവെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്.
ധീരമായ സാമ്രാജ്യത്വവിരുദ്ധ സമീപനത്തിന്റെ പരിവേഷം ഉണ്ടായിരുന്നുവെങ്കിലും നജാദിന്റെ കാലം ഇറാന്‍ ജനതയെ സംബന്ധിച്ച് അതൃപ്തിയുടേതായിരുന്നു. പ്രത്യേകിച്ച് മധ്യവര്‍ഗം. അവരുടെ ഉപഭോഗ സ്വപ്‌നങ്ങളെ ഉപരോധങ്ങള്‍ കവര്‍ന്നെടുത്തു. വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് രാജ്യം കൂപ്പുകുത്തി. എണ്ണ സമ്പത്ത് വില്‍ക്കാന്‍ സാധിക്കാതെവന്നു. ഒറ്റപ്പെട്ട രാഷ്ട്രം എന്ന അപകര്‍ഷതയിലാണ് നല്ലൊരു ശതമാനം ജനങ്ങളും കഴിഞ്ഞിരുന്നത്. ഈ അവസ്ഥക്ക് വലിയ മാറ്റം വരുത്താന്‍ റൂഹാനിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചാ മനോഭാവം അമേരിക്കയോടുള്ള ആണവ കരാര്‍ സാധ്യമാക്കി. അന്നത്തെ യു എസ് പ്രസിഡന്റ് ഒബാമയുടെ പങ്ക് വലുതാണെങ്കിലും വലിയ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാനുള്ള ഹസന്‍ റൂഹാനിയുടെയും സംഘത്തിന്റെയും സന്നദ്ധതയാണ് അത്തരമൊരു കരാര്‍ യാഥാര്‍ഥ്യമാക്കിയത്. ഇറാനിലെ മധ്യവര്‍ഗ, ഉപരി വര്‍ഗ സമൂഹത്തിന്റെ മനസ്സിലിരിപ്പാണ് റൂഹാനി നടപ്പാക്കിയതെന്ന് ഇപ്പോള്‍ വ്യക്തമാകുകയാണ്. സാമ്രാജ്യത്വത്തിന് കീഴടങ്ങി എന്ന ദേശീയതാ വാദത്തേക്കാള്‍ ആഗോളവത്കരണം അനിവാര്യമാണെന്ന പ്രായോഗികവാദമാണ് മുന്നിട്ട് നിന്നതെന്ന് റൂഹാനിയുടെ രണ്ടാമൂഴം വ്യക്തമാക്കുന്നു. ഉപരോധങ്ങള്‍ ഒരു പരിധി വരെ നീങ്ങുകയും എണ്ണ വിപണനം ഉണരുകയും ചെയ്തത് വലിയ ആശ്വാസമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഒരു ഭാഗത്ത് അദ്ദേഹം ആണവകരാറിന് തല വെച്ചു കൊടുക്കുമ്പോഴും മറുഭാഗത്ത് ഇസില്‍ വിരുദ്ധ ദൗത്യത്തില്‍ സിറിയയിലെ അസദിനൊപ്പവും റഷ്യക്കൊപ്പവും അടിയുറച്ച് നിന്ന് തന്റെ “വിദേശബാധ്യത” അദ്ദേഹം നിറവേറ്റിയിരുന്നു. ശിയാ രാഷ്ട്രത്തിന്റെ സ്ഥായീ ഭാവമായ വംശീയ പ്രേരിതമായ ഇടപെടല്‍ നയം റൂഹാനിയും പിന്തുടര്‍ന്നു. യമനിലെ ഹൂത്തികളെ പിന്തുണച്ചതും ഇറാഖില്‍ ഇടപെട്ടതും ആണവ കരാറിനെ സഊദിക്കെതിരായ വിജയമായി കൊണ്ടാടിയതും അതിന്റെ ഭാഗമാണ്.
അത്‌കൊണ്ട്, റൂഹാനിയുടെ രണ്ടാമൂഴത്തില്‍ ആഭ്യന്തര കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ഇറാനെയാകും കാണുകയെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. യാഥാസ്ഥിതിക പരമോന്നത നേതൃത്വത്തിന്റെയും റവല്യൂഷണറി ഗാര്‍ഡിന്റെയും താത്പര്യങ്ങള്‍ക്ക് റൂഹാനി വഴങ്ങുക തന്നെ ചെയ്യും. മേഖലയില്‍ ഇറാന്‍ ഫോബിയ ശക്തമായി തുടരുകയും ചെയ്യും. അമേരിക്കയില്‍ പ്രസിഡന്റ് കസേരയില്‍ ഇരിക്കുന്നത് തികഞ്ഞ ഇസ്‌റാഈല്‍ പക്ഷപാതിയും യുദ്ധോത്സുകനുമായ ഡൊണാള്‍ഡ് ട്രംപ് ആയതിനാല്‍ അക്രമാസക്തമായി പ്രതികരിക്കാന്‍ റൂഹാനി നിര്‍ബന്ധിതനാകും. ആണവ കരാറിന്റെ ഭാവി അപകടത്തിലാകുകയും ചെയ്യും. റൂഹാനിയുടെ ആഗോളവാദത്തിനും പരിഷ്‌കരണവാദത്തിനും നേര്‍ വിപരീതമുള്ള പ്രാദേശകവാദവും യാഥാസ്ഥിതികവാദവും അവിടെ ശക്തമാണ്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താഴേക്കിടയിലെ ജനങ്ങള്‍ക്കിടയില്‍ ആ വികാരം രൂഢമൂലമാണ്. റൂഹാനിയുടെ നയങ്ങള്‍ മധ്യവര്‍ഗത്തെ ലക്ഷ്യമിടുക കൂടി ചെയ്യുമ്പോള്‍ ഈ ആശയ വിഭജനം ആഴത്തിലുള്ളതാകും. അങ്ങനെയെങ്കില്‍ മേഖലയില്‍ കൂടുതല്‍ അലോസരങ്ങള്‍ സൃഷ്ടിക്കുന്ന ഇറാനെയാകും ഈ വര്‍ഷങ്ങളില്‍ കാണുക. പരമോന്നത നേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്ന ആ നയംമാറ്റം തടയാന്‍ റൂഹാനിക്ക് സാധിച്ചെന്ന് വരില്ല. ഇത് മുന്നില്‍ കാണിച്ച് കൊണ്ട് തന്നെയാണ് അമേരിക്ക സഊദിക്ക് കൂടുതല്‍ ആയുധം വില്‍ക്കുന്നത്. ഇതൊന്നുമല്ല, വംശീയ വിഭജിത സംഘര്‍ഷങ്ങളില്‍ പങ്കെടുക്കാനില്ലെന്ന ഉത്തരവാദിത്വത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഹസന്‍ റൂഹാനിക്ക് സാധിച്ചാല്‍ അത് ചരിത്രപരമായ മുന്നേറ്റമായിരിക്കും.