Connect with us

International

വെനിസ്വേലയില്‍ ഡോക്ടര്‍മാരും പ്രക്ഷോഭത്തില്‍

Published

|

Last Updated

പ്രക്ഷോഭകനെ ആലിംഗനം ചെയ്യുന്ന ഡോക്ടര്‍

കാരക്കസ്: വെനിസ്വേലയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡോക്ടര്‍മാരും പ്രതിഷേധ റാലിയുമായി രംഗത്തെത്തി. പ്രസിഡന്റ് നിക്കളോസ് മദുറോക്കെതിരായ പ്രക്ഷോഭം എട്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ ഇതുവരെ 49 പേരാണ് കൊല്ലപ്പെട്ടത്. കാരക്കസിന് പുറത്ത് പോലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ തെരുവുകളില്‍ ബാരിക്കേഡു വെച്ച് തടസ്സം സൃഷ്ടിച്ചു. നിരവധി ബഹുജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് വെനിസ്വേലന്‍ മെഡിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി നടന്നത്. കാരക്കസിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് നടന്ന മാര്‍ച്ചില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

രാജ്യം മഹാവിപത്തിനടുത്താണെന്നും ആരോഗ്യ മേഖല ദുരന്തത്തിലാണെന്നും മാര്‍ച്ചില്‍ പങ്കെടുത്ത ഡോ. ഫെര്‍ണാണ്ടൊ ഗദയോള്‍ പറഞ്ഞു. പ്രസിഡന്റ് മദുറോയെ നീക്കാനായി തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുണ്ടായ അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും മദുറോയാണ് കാരണക്കാരെന്നും ആരോപിച്ചാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. അതേസമയം തിരഞ്ഞെടുപ്പ് നേരത്തെ നടത്തില്ലെന്നും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചനക്കാരാണ് രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മദുറോയും ആരോപിക്കുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ഇപ്പോള്‍ രൂക്ഷമാകാന്‍ കാരണം 21കാരനായ യുവാവിന് പൊള്ളലേറ്റതാണ്. സര്‍ക്കാര്‍ അനുകൂലിയായ 21കാരനെ പ്രക്ഷോഭകര്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മദുറൊ കുറ്റപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം. അന്വേഷണം നടന്ന് വരികയാണ്.

Latest