ദുബൈയിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് സാന്ത്വനമേകി ഇന്ത്യന്‍ കോടീശ്വരന്‍

Posted on: May 23, 2017 9:10 pm | Last updated: May 23, 2017 at 9:30 pm

ദുബൈ: ഇന്ത്യന്‍ കോടീശ്വരന്‍ ദുബൈയില്‍ ഇന്ത്യന്‍ തടവുകാരുടെ മടക്കയാത്ര ടിക്കറ്റുകള്‍ വഹിക്കാനൊരുങ്ങുന്നു. ദുബൈ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് നാട്ടിലെത്തുന്നതിന് സഹായകരമാകുന്ന വിധത്തില്‍ മാസം 40,000 ദിര്‍ഹം പ്രമുഖ വ്യവസായിയും പ്യുവര്‍ ഗോള്‍ഡ് ചെയര്‍മാനും സ്ഥാപകനുമായ ഫിറോസ് മര്‍ച്ചന്റ് നീക്കിവെക്കും. പ്രതിമാസം ടിക്കറ്റ് നല്‍കുന്നതിന് ഇതുസംബന്ധിച്ച് ഫറജ് ഫണ്ട് അധികൃതരുമായി കരാറിലൊപ്പിട്ടു.

രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് 2009ല്‍ സാമൂഹിക മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് പ്രകാരം സ്ഥാപിതമായതാണ് ഫറജ് ഫണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞു സ്വദേശത്തേക്ക് തിരിച്ചയക്കുന്ന വര്‍ക്ക് മതിയായ യാത്രാ സൗകര്യം ഏര്‍പെടുത്തുന്നതിന് ഈ തുക ചിലവഴിക്കുമെന്ന് ഫറജ് അധികൃതര്‍ പറഞ്ഞു. നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരായ 132 തടവ് പുള്ളികളുടെ കടങ്ങള്‍ വീട്ടുന്നതിന് 150,000 ദിര്‍ഹം ഫിറോസ് മര്‍ച്ചന്റ് തുകയൊടുക്കിയിരുന്നു. തടവുപുള്ളികളധികവും സാഹചര്യം കൊണ്ട് ശിക്ഷ അനിഭവിക്കേണ്ടി വന്നവരാണ്. അവരിലധികവും കടബാധ്യത തീര്‍ക്കാന്‍ ശേഷിയില്ലാതെ തടവ് പുള്ളികളാകേണ്ടിവന്നവരാണ്, ഫിറോസ് മര്‍ച്ചന്റ് പറഞ്ഞു.
അജ്മാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ സഹായമെത്തിക്കുന്നതിനും സാമ്പത്തിക സഹായം ഫിറോസ് മര്‍ച്ചന്റ് നല്‍കുന്നുണ്ട്. ദാന വര്‍ഷത്തിന്റെ ഭാഗമായി, പാപ്പരായ ജയില്‍ പുള്ളികള്‍ക്ക് സ്വാന്തനമേകുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും ഉന്നതമായ ജീവിത സൗകര്യവും ഏര്‍പെടുത്തുന്നതിന് പോലീസ് സേനാംഗങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നതിനും സഹായകമാകുന്നതിനാണ് തന്റെ ശ്രമമെന്ന് ഫിറോസ് മര്‍ച്ചന്റ് പറഞ്ഞു.