ഡേ കെയറില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം; സ്ഥാപന ഉടമ അറസ്റ്റില്‍

Posted on: May 23, 2017 12:03 pm | Last updated: May 23, 2017 at 4:52 pm

കൊച്ചി: നഗരത്തിലെ ഡേ കെയറില്‍ കുട്ടികള്‍ക്ക് ക്രൂരപീഡനമെന്ന പരാതിയെ തുടര്‍ന്ന് സ്ഥാപനമുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വയസുള്ള കുട്ടിയെ സ്ഥാപന ഉടമയായ മിനി അടിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ക്രൂര പീഡനം പുറംലോകം അറിഞ്ഞത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം. ഒന്നര വയസുള്ള കുട്ടിയെ മിനി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇരുപതോളം കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി തന്നെയാണ് ചാനലുകളെ അറിയിച്ചത്. അടി കൊണ്ട് കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പാടുകള്‍ വെള്ളം തുടച്ച് മായ്ക്കാന്‍ ഇവര്‍ പറയാറുണ്ടെന്നും ജീവനക്കാരി വ്യക്തമാക്കി. കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതോടെയാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്‌