വെള്ളിയാഴ്ച്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും

Posted on: May 23, 2017 11:52 am | Last updated: May 23, 2017 at 2:21 pm

തിരുവനന്തപുരം : വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ഇത് കാലവര്‍ഷത്തിന് മുന്നോടിയായുള്ള പ്രീ മണ്‍സൂണ്‍ വര്‍ഷമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്. ഇത്തവണ മെയ് 30 ഓടെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാലവര്‍ഷം കുറച്ചുകൂടി നേരത്തെ സജീവമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ സുദേവന്‍ പറഞ്ഞു.ആന്റമാന്‍ ദ്വീപിന് സമീപം കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മണ്‍സൂണിന് അനുകൂലഘടകമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. കാലവര്‍ഷത്തെ ദോഷകരമായി ബാധിക്കുന്ന ‘എല്‍നിനോ’യുടെ ഭീതി ഇത്തവണയില്ലാത്തതും മികച്ച മഴ ലഭിക്കാന്‍ സഹായകമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

എടവപ്പാതി സജീവമാകുന്നതോടെ, വരള്‍ച്ചയുടെ കാഠിന്യത്തിന് ശമനമാകും. കടുത്ത വേനലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇപ്പോള്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കാര്‍ഷിക മേഖലയും വരള്‍ച്ചയെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ്.

അതേസമയം കാലവര്‍ഷം ശക്തമായി പെയ്താലും, വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ജലക്ഷാമം തുടരാനിടയുണ്ട്. ഭൂഗര്‍ഭ ജലനിരപ്പ് ശരാശരിയിലും നാലു മീറ്ററിലധികം താഴ്ന്ന നിലയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി