റോഡ് നിര്‍മാണത്തിന് ജര്‍മന്‍ സാങ്കേതിക വിദ്യ

Posted on: May 23, 2017 10:43 am | Last updated: May 23, 2017 at 10:43 am

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണത്തിന് ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. ആലപ്പുഴിയിലെ പാതിരപ്പള്ളിപുറക്കാട് റോഡിന്റെ നിര്‍മാണത്തിന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗിന് നൂതന സാങ്കേതിക വിദ്യകളായ ബിറ്റു മിനസ്, മെക്കാഡം, ഡെന്‍സ് ബിറ്റുമിനസ്, ബിറ്റുമിനസ് കോണ്‍ക്രീറ്റ്, റബ്ബറൈസ്ഡ് ബിറ്റുമിന്‍ എന്നിവ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയായ മില്ലിംഗ് ആന്‍ഡ് റീസൈക്ലിംഗ് ഉപയോഗിച്ച് ആലപ്പുഴ ജില്ലയില്‍ ദേശീയപാതയുടെ ഉപരിതലം പുതുക്കിനിര്‍മിച്ചു. ഇതുവഴി വെള്ളകെട്ട് ഒഴിവാക്കാം.

അതുപോലെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗ ശൂന്യമായ ശുദ്ധീകരണ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മാണവും ആരംഭിച്ചു. അമ്പലപ്പുഴ തിരുവല്ല റോഡ് പ്ലാസ്റ്റിക്, റബര്‍, ജിയോ ടെക്‌റ്റൈല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. റോഡിന്റെ അടിത്തറയില്‍ ആവശ്യത്തിന് ഉറപ്പില്ലാത്ത ഭാഗങ്ങില്‍ ഭൂവസ്ത്രം (ജിയോ ടെക്്‌റ്റൈല്‍) ഉപയോഗിച്ച് അടിത്തറ ശക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പ്ലാസറ്റിക് കിലോക്ക് 20 രൂപക്കാണ് വാങ്ങുന്നത്. ക്ലീന്‍ കേരള കമ്പനി പ്ലാസിറ്റിക് മാലിന്യം വാങ്ങാന്‍ തയ്യാറാണെന്ന്്് മന്ത്രി കെ ടി ജലീലും പറഞ്ഞു. എന്നാല്‍, പ്ലാസിറ്റിക് കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ വര്‍ഷം 200 കിലോമീറ്റര്‍ റോഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിരത്തുകളുടെയും പാലങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനായി ജില്ലകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം പ്രാദേശിക റീജ്യനല്‍ ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.