മാഞ്ചാസ്റ്ററില്‍ ഭീകരാക്രമണം 22 പേര്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരിക്ക്

Posted on: May 23, 2017 10:34 am | Last updated: May 23, 2017 at 1:05 pm

മാഞ്ചസ്റ്റര്‍/ലണ്ടന്‍: രാജ്യത്തിനു നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ഞെട്ടിത്തരിച്ച് ബ്രിട്ടന്‍. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ ഇന്നലെ രാത്രി 10.35നുണ്ടായ ബോംബു സ്‌ഫോടനത്തില്‍ ഇതുവരെ 22 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നൂറു കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതലാളുകള്‍ക്കും പരുക്കേറ്റത്. ഗായിക അരീന ഗ്രാന്‍ഡെയും സംഘാംഗങ്ങളും സുരക്ഷിതരാണ്.

അരീനയില്‍നിന്നും വിക്ടോറിയ ട്രെയിന്‍ട്രാം സ്‌റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് നല്‍കുന്ന വിവരം. സിറ്റി സെന്ററിന്റെ പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നാണ് ഈ സ്‌റ്റേഷന്‍. സംഗീതപരിപാടി കഴിഞ്ഞിറങ്ങിയവര്‍ വീട്ടിലെത്താന്‍ സ്‌റ്റേഷനിലേക്ക് തിക്കിത്തിരക്കി നീങ്ങുന്നതിനിടെയാണ് അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുര്‍ന്ന് സ്‌റ്റേഷന്‍ അടച്ചു. ഇവിടേക്കുള്ള ട്രെയിനുകളും റദ്ദാക്കി.

ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരുക്കേറ്റുവീണു കരയുന്നവരും ഉള്‍പ്പെടെയുള്ള രംഗം ഹൃദയഭേദകമായിരുന്നെന്ന് ദുരന്തത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടം ആകെ കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ഒരേസമയം 21,000 പേര്‍ക്ക് ഇരിക്കാവുന്നതാണ് മാഞ്ചസ്റ്റര്‍ അരീനയിലെ സ്‌റ്റേഡിയം. ഇത് നിറയെ ആളുകളുണ്ടായിരുന്നു, ഇത്രയുംപേര്‍ ഒരുമിച്ച് പുറത്തിറങ്ങവേ ഉണ്ടായ സ്‌ഫോടനത്തിന്റെ ദുരന്തമുഖം വിവരാണാതീതമാണ്. 2005ല്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിന്‍ സര്‍വീസായ ലണ്ടന്‍ ട്യൂബില്‍ ഉണ്ടായതിനേക്കാള്‍ വലിയ ആക്രമണമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 52 പേരാണ് അന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയില്‍ അടിയന്തര കോബ്രാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും അതിന്റെ എല്ലാ സംവിധാനങ്ങളോടുംകൂടെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ലണ്ടന്‍, കാഡിഫ് തുടങ്ങി മറ്റ് നഗരങ്ങളിലെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലെത്തിച്ച് ചികില്‍സ നല്‍കുന്നുണ്ട്. പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ റദ്ദാക്കി.