Connect with us

Sports

മെസി ടോപ് സ്‌കോറര്‍

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള പിചി പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. കരിയറില്‍ നാലാം തവണയാണ് മെസി പിചി കരസ്ഥമാക്കുന്നത്. 2012-13 സീസണിന് ശേഷം ആദ്യമായാണ് മെസി ലാ ലിഗ ടോപ്‌സ്‌കോററാകുന്നത്.
ഇത്തവണ 37 ഗോളുകളാണ് മെസി നേടിയത്. കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററായ ബാഴ്‌സയിലെ സഹതാരം ലൂയിസ് സുവാരസിനെ ഇത്തവണ എട്ട് ഗോളുകള്‍ക്ക് പിറകിലാക്കിയാണ് മെസിയുടെ മുന്നേറ്റം. മൂന്ന് തവണ പിചി പുരസ്‌കാരം നേടിയ റയല്‍മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീസണില്‍ 25 ഗോളുകളുമായി മെസിക്ക് പിറകിലായി. മൂന്ന് പേരും ലാ ലിഗയിലെ അവസാന ദിനത്തില്‍ സ്‌കോര്‍ ചെയ്തു.
മെസിയുടെ ഡബിളായിരുന്നു ബാഴ്‌സക്ക് ജയമൊരുക്കിയതെങ്കില്‍ മലാഗക്കെതിരെ ക്രിസ്റ്റിയാനോയാണ് ആദ്യ ഗോള്‍ നേടിയത്.

ഒരു മത്സരത്തില്‍ ഒരു ഗോള്‍ എന്ന ശരാശരിയാണ് മെസിക്കുള്ളത്. സീസണില്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും മെസിയെ തേടിയെത്തും.
നാല് തവണ പിചി പുരസ്‌കാരം നേടിയ ഫെറെങ്ക് പുഷ്‌കാസിനൊപ്പമാണ് മെസിയുടെ സ്ഥാനം. മുന്‍ അത്‌ലറ്റിക്കോ, റയല്‍ സ്‌ട്രൈക്കര്‍ ഹ്യൂഗോ സാഞ്ചസ്, മുന്‍ റയല്‍ സോസിഡാഡ്, ബാഴ്‌സ അറ്റാക്കര്‍ ക്വുനി, റയലിന്റെ ഇതിഹാസം ഡി സ്‌റ്റെഫാനോ എന്നിവര്‍ അഞ്ച് തവണ വീതം പിചി സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ നേടിയിട്ടുള്ള അത്‌ലറ്റിക്കോ ബില്‍ബാവോ ഇതിഹാസം ടെല്‍മൊ സാറയുടെ പേരിലാണ് റെക്കോര്‍ഡ്.

Latest