Connect with us

Sports

സിദാന്‍ മാജിക്‌

Published

|

Last Updated

സിദാനെ എടുത്തുയര്‍ത്തി ആഹ്ലാദം
പങ്കിടുന്ന റയല്‍ താരങ്ങള്‍സിദാനെ എടുത്തുയര്‍ത്തി ആഹ്ലാദം
പങ്കിടുന്ന റയല്‍ താരങ്ങള്‍

മാഡ്രിഡ്: അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാഡ്രിഡിലെ പ്ലാസ സിബെലെസ് ചത്വരത്തിലെ റോഡിലൂടെ ആ ബസ് വിജയഭേരി മുഴക്കി ! 33 ചാമ്പ്യന്‍സ് എന്നെഴുതിയ ബാനറുകളാല്‍ അലങ്കൃതമായ വെള്ള ബസിന്റെ മുകളിലായിട്ട് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങള്‍ നൃത്തം വെച്ചു. ആരാധകവൃന്ദം ഉറങ്ങാത്ത രാത്രി. മൊബൈല്‍ ഫഌഷുകളുടെ വെളിച്ചം ആടിയുലഞ്ഞ് സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍മാരെ എതിരേറ്റു. മലാഗയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് മുപ്പത്തിമൂന്നാം ലാ ലിഗ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ട് തിരിച്ചു വന്നത് രാജകീയ വരവേല്‌പോടെയായിരുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും മാര്‍സലോയും ഹാമിഷ് റോഡ്രിഗസും കരീംബെന്‍സിമയും തങ്ങളെ നെഞ്ചിലേറ്റാനെത്തിയ ആരാധക കൂട്ടത്തിന് പ്രത്യഭിവാദ്യമര്‍പ്പിച്ചു. കിരീടം തിരിച്ചുപിടിക്കാന്‍ ഒപ്പം നിന്ന സപ്പോര്‍ട്ടേഴ്‌സിനോട് റാമോസ് നന്ദി പറഞ്ഞു. ഞങ്ങള്‍ ഇതര്‍ഹിക്കുന്നു, നിങ്ങളും – ക്രിസ്റ്റ്യാനോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ കോച്ച് സിനദിന്‍ സിദാനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഗോളടിച്ച് കൂട്ടിയ ക്രിസ്റ്റിയാനോയും പറയുന്നു ഇത് സിദാന്‍ മാജിക്കാണ്.
പതിനെട്ട് മാസം മുമ്പ് റയലിന്റെ സാരഥ്യമേറ്റെടുത്ത സിദാന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗായിരുന്നു ആദ്യം നേടിക്കൊടുത്തത്. ഇപ്പോഴിതാ അഞ്ച് വര്‍ഷമായി കിട്ടാക്കനിയായിരുന്ന ലാ ലിഗയും. ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഖ്യാതിയിലേക്ക് റയലിന് അധിക ദൂരമില്ല. ഒരു മത്സരത്തിന്റെ, യുവെന്റസിനെ തോല്‍പിക്കാനെടുക്കുന്ന സമയം മാത്രം. കാര്‍ഡിഫില്‍ ജൂണ്‍ നാലിനാണ് യുവെന്റസുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മാസിമിലിയാനോ അലെഗ്രിയുടെ യുവെന്റസ് ഇറ്റാലിയന്‍ കരുത്തരാണ്. സീരി എ ലീഗും ഇറ്റാലിയന്‍ കപ്പും നേടി അവര്‍ തികഞ്ഞവരായി നില്‍ക്കുന്നു.
റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് സിനദിന്‍ സിദാന്‍. ബയെര്‍ ലെവര്‍കൂസനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സിദാന്‍ നേടിയ പ്രശസ്തമായ ഗോള്‍ ആ മാഹാത്മ്യം അടിവരയിടും. കോച്ചെന്ന നിലയിലും സിദാന്‍ ഐതിഹാസിക പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്പാനിഷ് കോച്ച് റാഫേല്‍ ബെനിറ്റസ് റയലിന്റെ കോച്ചിംഗ് റോളില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ സിദാന്‍ അതേറ്റെടുക്കാന്‍ പര്യാപ്തനാണോ എന്ന ചിന്ത ഏവരിലും മഥിച്ചു.
2015 ല്‍ കാര്‍ലോ ആന്‍സലോട്ടിയെ പുറത്താക്കിയിട്ടായിരുന്നു ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസ് തന്റെ ഇഷ്ടക്കാരനായ റാഫേല്‍ബെനിറ്റസിനെ പരിശീലക കസേരയില്‍ പ്രത്ഷ്ഠിച്ചത്. ഇത് വമ്പന്‍ ഫ്‌ളോപ്പായി.
ആന്‍സലോട്ടിയാണെങ്കില്‍ ബയേണ്‍ മ്യൂണിക്കില്‍ മികച്ച തുടക്കമിടുകയും ചെയ്തു. ഇതോടെ, പെരെസിനെ പുറത്താക്കണമെന്നാവശ്യം ശക്തമായി. ഈ പ്രതിഷേധക്കാറ്റിനെ മറികടക്കാന്‍ പെരെസ് തന്റെ വജ്രായുധമായി സിദാനെ കോച്ചാക്കി. ഇത് സൂപ്പര്‍ ഹിറ്റായി ഓടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത സിദാന്‍ ലാ ലിഗ കിരീടം കൈവിട്ടത് ഒരു പോയിന്റിനായിരുന്നു.
ഇടക്കാല കോച്ചായി വന്ന് ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകരുടെ ഗണത്തിലാണ് സിദാന്‍ ആദ്യം ഇടം പിടിച്ചത്. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കിയ റോബര്‍ട്ടോ ഡി മാറ്റിയോയെ പോലെ അടുത്ത സീസണില്‍ അസ്തമിച്ചു പോകും സിദാന്‍ എന്ന് പരിഹസിച്ചവരുണ്ടായിരുന്നു. എന്നാല്‍, യൊഹാന്‍ക്രൈഫിനെ പോലെ ബെക്കന്‍ ബൊവറിനെ പോലെ ക്രാന്തദര്‍ശിയായ മാന്ത്രിക പരിശീലകന്‍ സിദാനിലും ഉറങ്ങിക്കിടക്കുന്നുവെന്ന് കാലം തെളിയിക്കുന്നു. ലാ ലിഗയില്‍ കോച്ചായതിന് ശേഷം സിദാന്റെ റെക്കോര്‍ഡ് മികച്ചതാണ്. രണ്ട് സീസണുകളിലായി ബാഴ്‌സയേക്കാള്‍ ഏഴ് പോയിന്റ് അധികം സിദാന്റെ റയല്‍ മാഡ്രിഡ് നേടിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡുമായിട്ട് 21 പോയിന്റിന്റെ ലീഡാണ് രണ്ട് സീസണുകളില്‍ സിദാന്റെ ടീം കൈവരിച്ചത്.
കാര്‍ലോ ആന്‍സലോട്ടി ഇറ്റലിയിലും ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇപ്പോള്‍ ജര്‍മനിയിലും ലീഗ് കിരീടം നേടിയ കോച്ചായി. എന്നാല്‍, രണ്ട് സീസണിനിടെ സ്‌പെയ്‌നില്‍ ലാ ലിഗ നേടുവാന്‍ ആന്‍സലോട്ടിക്ക് സാധിച്ചിരുന്നില്ല. ഇറ്റാലിയന്‍ കോച്ചിന്റെ കൈയ്യിലുണ്ടായിരുന്ന അതേ താരങ്ങളെ വെച്ചാണ് സിദാനിപ്പോള്‍ ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും എല്ലാം നേടിയിരിക്കുന്നത്.
മികച്ച പരിശീലകരിലൊരാളായ ഹൊസെ മൊറിഞ്ഞോ റയലിന് 2012 -13 സീസണില്‍ ലാ ലിഗ കിരീടം നേടിക്കൊടുത്തു. പക്ഷേ, ചാമ്പ്യന്‍സ് ലീഗ് എന്നത് സ്വപ്‌നമാക്കിയാണ് മൗറിഞ്ഞോക്ക് റയല്‍ വിടേണ്ടി വന്നത്.റയലിന്റെ ഇപ്പോഴത്തെ ഉയിര്‍പ്പിനെല്ലാം പിന്നില്‍ സിദാന്‍ തന്നെയാണ്. ടീമില്‍ അദ്ദേഹം കൊണ്ടു വന്ന റൊട്ടേഷന്‍ സമ്പ്രദായം ആദ്യം വിമര്‍ശിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ അതിന്റെ ഗുണം ടീം അനുഭവിക്കുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ച് മൊറാട്ട, ഇസ്‌കോ എന്നിവരെ കൂടി വിനിയോഗിക്കുന്ന സിദാന്‍ റയലിന്റെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പരിപൂര്‍ണമായി വിനിയോഗിച്ചു.

ഗാരെത് ബെയില്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ സിദാന്‍ ടെന്‍ഷനടിച്ചില്ല. ഇസ്‌കോ പരിപൂര്‍ണ ആരോഗ്യവാനായി തകര്‍ത്തു കളിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇസ്‌കോ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ കളിക്കുമെന്ന അവസ്ഥയാണിപ്പോള്‍. ടീമിലെ ഏറ്റവും ഫോമിലുള്ള താരമായി ഈ സബ്‌സ്റ്റിറ്റിയൂട്ട് മാറിയത് സിദാന്റെ കരുതല്‍ കൊണ്ടാണ്.
സീസണ്‍ അവസാനിക്കുമ്പോഴേക്കും കളിക്കാര്‍ ക്ഷീണിതരായി മാറുമ്പോള്‍ റയലില്‍ സ്ഥിതി വ്യത്യസ്തമാണ്. ഡെല്‍ ബൊസ്‌കിന് ശേഷം ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും തുടര്‍ വര്‍ഷങ്ങളില്‍ നേടുന്ന ആദ്യ മാഡ്രിഡ് കോച്ചായി മാറിയ സിദാന്‍ തന്റെ വിജയരഹസ്യം എന്താണെന്ന് പറയുന്നു : മനുഷ്യരോട് നല്ല രീതിയില്‍ ഇടപെട്ടാല്‍ ഈഗോയുണ്ടാകില്ല, ഏതൊരു തന്ത്രത്തേക്കാളും ഒരു ക്ലബ്ബിനുള്ളില്‍ വേണ്ടത് ഇതാണ് – സിദാന്‍ പറയുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യമായി സിദാന്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തപ്പോള്‍ പ്രശ്‌നം ഉടലെടുത്തു. ക്രിസ്റ്റ്യാനോ ദേഷ്യത്തോടെ കളം വിട്ടു. സിദാന് ഹസ്തദാനം ചെയ്യാന്‍ പോലും നില്‍ക്കാതെ.
ഇസ്‌കോ സൈഡ് ബെഞ്ചിലിരുന്ന് ഈ രംഗം കണ്ടതോടെ തലപുകച്ചു. സിദാന്‍ പക്ഷേ കൂള്‍ ആയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ക്രിസ്റ്റ്യാനോയെ സന്തോഷവാനാക്കി സിദാന്‍ കളത്തിലെത്തിച്ചു.
സൂപ്പര്‍സ്റ്റാറിന്റെ ഈഗോയെ സൂപ്പര്‍സ്റ്റാറായിരുന്ന സിദാന്‍ നുള്ളിയെടുത്തു കളഞ്ഞത് ഏത് തന്ത്രം പയറ്റിയാണെന്ന് ഇനിയും ആര്‍ക്കും അറിയില്ല. അതാണ്, സിദാന്‍ മാജിക്.

 

Latest