Connect with us

Malappuram

മലയോരം കീടനാശിനി വിഴുങ്ങുന്നു; മാരക രോഗങ്ങള്‍ പടരുന്നു

Published

|

Last Updated

മലപ്പുറം: ജില്ലയിലെ മലയോര മേഖലയില്‍ കൃഷിയിടങ്ങളില്‍ കീടനാശിനി അമിതമായി ഉപയോഗിക്കുന്നതിനാല്‍ പരിസ്ഥിതി നശീകരണവും മാരക രോഗങ്ങളും പടരുന്നു. കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍, നിലമ്പൂര്‍, കക്കാടം പൊയില്‍ എന്നീ ഭാഗങ്ങളിലാണ് നിരോധിച്ച കീട നാശിനിയടക്കം അനിയന്ത്രിതമായി തെളിയിക്കുന്നത്.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത പ്രദേശമായ എന്‍മകജെ പോലെ മലയോരത്തെയും കീടനാശിനി വിഴുങ്ങുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലാണ് നിരോധിച്ച കീടനാശിനികളായ മെത്തോമൈല്‍, മെര്‍ക്കുറിക്ക് ക്ലോറൈഡ് തുടങ്ങിയവ തെളിയിക്കുന്നത്.
കാര്‍ബോസള്‍ഫാന്‍, ക്ലോര്‍ പൈറി ഫോസ്, സെപ്പര്‍മെത്രിന്‍, അസഫേറ്റ്, ലാംഡാസൈഹലോത്രിന്‍, ഗ്ലൈഫോസേറ്റ് തുടങ്ങിയ കീടനാശികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ശിശുമരണ നിരക്ക്, ഡെങ്കിപ്പനി, ത്വക്ക് രോഗം തുടങ്ങിയ രോഗങ്ങള്‍ മലയോരത്ത് വ്യാപകമായി കാണുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വാഴ, കൈതച്ചക്ക, റബ്ബര്‍, ചേന, മരച്ചീനി, ജാതി, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, സപ്പോട്ട, കമുക് എന്നീ കൃഷികളിലാണ് കീടനാശിനി അനിയന്ത്രിതമായി ഉപയോഗിക്കുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പൈനാപ്പിള്‍ നശിച്ച് പോകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കീടനാശിനി അമിതമായാണ് തെളിയിക്കുന്നത്. ഒരു ഏക്കറില്‍ ഒരു ലിറ്റര്‍ കീടനാശിനി ഉപയോഗിക്കുന്നിടത്ത് അഞ്ച് ലിറ്റര്‍ വരെ തെളിയിക്കുന്നുണ്ട്. മലഞ്ചെരുവില്‍ നിന്ന് ഒഴുകുന്ന ഒലിപ്പുഴ, കല്ലംപുഴയിലൂടെ എന്നിവ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് ഒഴുകുന്നത്. 25 കൈവഴികളാണ് മലകളില്‍ നിന്ന് ഈ അരുവികള്‍ക്കുള്ളത്. ഇതേ തുടര്‍ന്ന് കൃഷിയിടങ്ങളിലെ കീടനാശിനി അരുവികളില്‍ കലരുന്ന സ്ഥിതിയുണ്ട്.
ഇതേ തുടര്‍ന്ന് മാരക രോഗങ്ങളാണ് ജനങ്ങളെ വേട്ടയാടുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ ഒരു സുരക്ഷ മുന്‍കരുതലുകളും ഇല്ലാതെയാണ് കീടനാശിനികള്‍ തെളിയിക്കുന്നത്. ഇവര്‍ക്കും മാരക രോഗങ്ങള്‍ പിടിപെടുന്നുണ്ട്. ഇതെ തുടര്‍ന്ന് കുണ്ടോട് എസ്റ്റോറ്റില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. മലയോരത്തെ കുത്തക ലോബികള്‍ പരിസ്ഥിതി ചൂഷണത്തിനിരയാക്കുന്നതിനെതിരെ ജില്ലാ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 25 ന് കരുവാരക്കുണ്ടില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

Latest