കുപ്രസിദ്ധ കുറ്റവാളി  ബണ്ടി ചോറിന് 10 വര്‍ഷം കഠിന തടവ്

Posted on: May 22, 2017 4:26 pm | Last updated: May 23, 2017 at 12:04 pm
SHARE

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആഡംബര കാര്‍ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് (44) തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി പത്തു വടഷം തടവ് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായും കോടതി പ്രഖ്യാപിച്ചു. രാജ്യാന്തര കുറ്റവാളിയായ ബണ്ടിചോര്‍ മുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്.

ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.2013 ജനുവരി 21നാണ് വേണുഗോപാലന്‍ നായരുടെ മുട്ടടയിലെ ഹൈടെക് സുരക്ഷയുള്ള വീട്ടില്‍ നിന്ന് 30ലക്ഷം രൂപയുടെ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍, ലാപ്‌ടോപ്, മുന്തിയ ഇനം മൊബൈല്‍ ഫോണുകള്‍, ഡി.വി.ഡി പ്‌ളേയര്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ബണ്ടിചോര്‍ മോഷ്ടിച്ചത്. ഇയാള്‍ മോഷ്ടിച്ച കാര്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസിനെ വെട്ടിച്ചു കടന്ന ബണ്ടിചോറിനെ പൂനെയില്‍ നിന്നാണ് പിടികൂടിയത്. നന്തന്‍കോട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമല്‍കുമാറിന്റെ കാര്‍ മോഷ്ടിച്ചെടുത്താണ് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയത്.

ജയില്‍ചാട്ടം പതിവാക്കിയ ബണ്ടിചോറിനെ പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മാനസിക രോഗമില്ലെന്ന് കണ്ടെത്തി ഇയാളെ തിരികെ ജയിലിലേക്ക് അയച്ചു.ബണ്ടിയെ പിടിക്കാന്‍ ഡല്‍ഹി, ചെന്നൈ, ചണ്ഡിഗഡ് പൊലീസുകള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. പലവട്ടം പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടു. റിയാലിറ്റി ഷോയിലും ബണ്ടിചോര്‍ താരമായിരുന്നു. ഇയാളുടെ പേരില്‍ സിനിമയും പുറത്തിറങ്ങിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here