Connect with us

National

ഗുജറാത്തില്‍ മുസ്ലിം വിരുദ്ധ കലാപമില്ല:എന്‍ സി ആര്‍ ടി പാഠപുസ്തകം പരിഷ്‌കരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഗുജറാത്ത് കലാപം ഇനി “മുസ്‌ലിം വിരുദ്ധ” കലാപം ആയിരിക്കില്ല. 12ാം ക്ലാസ് പാഠപുസ്തകങ്ങളില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലാപങ്ങള്‍ വിവരിക്കുന്ന ഭാഗമാണ് തിരുത്തുന്നത്. “ഗുജറാത്ത് മുസ്‌ലിംവിരുദ്ധ കലാപം” എന്ന തലക്കെട്ട് ഗുജറാത്ത് കലാപം എന്നാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനം സി ബി എസ് ഇയിലെയും എന്‍ സി ഇ ആര്‍ ടിയിലെയും പ്രതിനിധികള്‍ അടങ്ങിയ പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്.

യു പി എ സര്‍ക്കാര്‍ തയ്യാറാക്കിയ പാഠപുസ്തകത്തില്‍ 2002ലെ ഗുജറാത്ത് വംശഹത്യയെ വിശേഷിപ്പിച്ചിരുന്നത് രാജ്യം കണ്ട ഏറ്റവും ഭീകരമായ മുസ്‌ലിംവിരുദ്ധ കലാപമെന്നായിരുന്നു. തലക്കെട്ടും ഉള്ളടക്കവുമെല്ലാം അത്തരത്തിലുള്ളതായിരുന്നു. ഇതാണ് പല കലാപങ്ങളിലൊന്നായ വെറും കലാപമായി തിരുത്തുന്നത്. ആയുധങ്ങളുമായി മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നിരപരാധികളെ നിഷ്‌കരുണം വധിക്കുകയും വീടുകളും കടകളും അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. 800 മുസ്‌ലിംകള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇത്തരം വിശദാംശങ്ങളെല്ലാം ഒഴിവാക്കിയാണ് എന്‍ സി ഇ ആര്‍ ടി പുതിയ പുസ്തകം തയ്യാറാക്കുന്നത്.

പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്‌കത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയം എന്ന ഭാഗത്താണ് (പേജ് 187) ഗുജറാത്തിലെ മുസ്‌ലിംവിരുദ്ധ കലാപം എന്ന തലക്കെട്ട് വരുന്നത്. ചുവടെ ചേര്‍ത്ത ഉള്ളടക്കത്തില്‍ കലാപം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചതായും രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. മെയ് 11ന് ചേര്‍ന്ന പാഠപുസ്തക പരിഷ്‌കരണ സമിതി യോഗത്തില്‍ ചില സ്വകാര്യ സ്‌കൂള്‍ ശൃംഖലയിലെ ഉന്നതരും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

പുസ്തകത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന് എന്‍ സി ഇ ആര്‍ ടിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുസ്തകം റീപ്രിന്റ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യാറുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌കൂള്‍ പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് ഈ തിരുത്തും. ബി ജെ പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍ വ്യപകമായി ചരിത്രവിരുദ്ധ ഉള്ളടക്കങ്ങള്‍ തിരുകിക്കയറ്റുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങള്‍ അടിമുടി പരിഷ്‌കരിക്കണമെന്ന് ഇന്ത്യന്‍ സാമൂഹിക ശാസ്ത്ര ഗവേഷണ കൗണ്‍സിലിന്റെ (ഐ സി എസ് എസ് ആര്‍) പുതിയ അധ്യക്ഷന്‍ ബി ബി കുമാര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രീയ അജന്‍ഡയോടെ തയ്യാറാക്കുന്ന പുസ്തകങ്ങളാണെന്നാണ് ബി ബി കുമാറിന്റെ പക്ഷം. രാജ്യത്തെ ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അസഹിഷ്ണുതയുടെ ഇരയാണ് അദ്ദേഹമെന്നും പറഞ്ഞയാളാണ് നരവംശസാസ്ത്രജ്ഞനായ കുമാര്‍.