Connect with us

Editorial

ജി എസ് ടിയും കേരളവും

Published

|

Last Updated

വ്യാഴാഴ്ച ശ്രീനഗറില്‍ ചേര്‍ന്ന ചരക്ക് സേവന നികുതി (ജി എസ് ടി) ഉന്നതാധികാര സമിതി യോഗം സ്വര്‍ണം, ബീഡി, ചെറുകാറുകള്‍ തുടങ്ങി ചുരുക്കം ചിലതിലൊഴിച്ചു മിക്ക ഉത്പന്നങ്ങളുടെയും നികുതിയില്‍ ധാരണയിലെത്തിയിരിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍, പാല്‍, ശര്‍ക്കര തുടങ്ങി 48 ഇനങ്ങളെയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെയും നികുതിയില്‍ നിന്ന് പാടേ ഒഴിവാക്കുകയും പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, ഭക്ഷ്യ എണ്ണകള്‍ തുടങ്ങി ദൈനം ദിന ഉപയോഗത്തിനുള്ള 145 അവശ്യവസ്തുക്കളുടെ നികുതി ഏറ്റവും താഴ്ന്ന തട്ടായ അഞ്ച് ശതമാനമാക്കാനുമാണ് തീരുമാനം. നികുതിരഹിത ഉത്പന്നങ്ങള്‍ മൊത്തം ഉത്പന്നങ്ങളുടെ ഏഴ് ശതമാനം വരും. ജി എസ് ടി വരുന്നതോടെ നിലവില്‍ ഉയര്‍ന്ന നിരക്ക് ഉണ്ടായിരുന്ന പല ഉത്പന്നങ്ങളുടെയും വില കുറയുകയും ഉപഭോഗ സംസ്ഥാനമായ കേരളത്തിലെ ജനങ്ങള്‍ക്ക് അത് നേട്ടമാകുകയും ചെയ്യുമെന്നാണ് പ്രചരിപ്പിക്കപ്പെട്ടതെങ്കിലും പ്രതീക്ഷിച്ച ഗുണമുണ്ടാകില്ലെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് വെളിപ്പെടുത്തിയത്. ജി എസ് ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ വരുന്ന ചരക്കുകളുടെ എണ്ണം കുറഞ്ഞതാണ് കാരണം. ഈ വിഭാഗത്തില്‍ വരുന്നത് 229 ഉത്പന്നങ്ങള്‍ മാത്രമാണ്. ഇത് മൊത്തം ഉത്പന്നങ്ങളുടെ അഞ്ച് ശതമാനമേ വരികയുള്ളു. ബാക്കി മുഴുവന്‍ 12, 18 ശതമാനത്തിന്റെ സ്ലാബുകളിലാണ് വരിക. ഇതിന്റെ പകുതിയേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയുള്ളു. കേരളം കൂടുതല്‍ ഉത്പന്നങ്ങളെ ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്ന് ശക്തിയായി വാദിച്ചെങ്കിലും ജി എസ് ടി കൗണ്‍സില്‍ നിരാകരിക്കുകയായിരുന്നു.

പല ഉത്പന്നങ്ങളുടെയും നികുതി കുറച്ചതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂലൈ മുതലാണ് ജി എസ് ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അതിന് ശേഷവും പഴയ മാക്‌സിമം റീട്ടൈല്‍ നിരക്കിനു (എം ആര്‍പി)തന്നെ വിറ്റ് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള നീക്കത്തിലാണ് കോര്‍പ്പറേറ്റുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ജി എസ് ടി മുന്നില്‍ കണ്ട് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന തന്ത്രമാണ് ചില കമ്പനികള്‍ സ്വീകരിക്കുന്നത്. ഇതുവഴി ജൂലൈയില്‍ നികുതി ഘടനയില്‍ മാറ്റം വന്നാലും നിലവിലുള്ള ലാഭം നിലനിര്‍ത്താന്‍ അവര്‍ക്കാകും. ചരക്ക് സേവന നികുതി നടപ്പില്‍ വരുന്നത് മൂലം വരുന്ന നഷ്ടത്തില്‍ നിന്ന് കോര്‍പ്പറേറ്റുകള്‍ രക്ഷപ്പെടുകയും നഷ്ടം സര്‍ക്കാറുകള്‍ തനിച്ചു സഹിക്കേണ്ടി വരികയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഫലം. ജി എസ് ടി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറുകളുടെയും നികുതിവരുമാനത്തില്‍ ആദ്യ വര്‍ഷത്തില്‍ 50,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഒരു ലക്ഷം കോടിയിലധികം നഷ്ടമുണ്ടാകുമെന്നാണ് തോമസ് ഐസക്കിന്റെ കണക്ക് കൂട്ടല്‍. വന്‍കിട മൂലധന ശക്തികളുടെ താത്പര്യമനുസരിച്ചാണ് കേന്ദ്രം ജി എസ് ടി നടപ്പാക്കുന്നതെന്നും ഇത് സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭരണഘടനാപരമായ അധികാരം വെട്ടിക്കുറക്കുമെന്നും നേരത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ആ നിഗമനങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടനുസരിച്ച് സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന സ്ഥിതിവിശേഷമായിരുന്നു നേരത്തെയുണ്ടായിരുന്നത്. ജി എസ് ടി വരുന്നതോടെ ആ അധികാരം നഷ്ടമായി. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റും അതില്‍ അംഗമായിട്ടുള്ള എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും അംഗീകരിക്കേണ്ടതുണ്ട്.

ജി എസ് ടിയില്‍ വരുത്തിയ നികിതയിളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ നികുതിനിരക്കിലുണ്ടാകുന്ന കുറവിന് ആനുപാതികമായി പരമാവധി വില്‍പനവിലയില്‍ (എം ആര്‍ പി) കുറവുവരുത്താന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറാകേണ്ടതുണ്ട്. അതിന് സാധ്യത കുറവാണെന്ന് വാറ്റ് നടപ്പാക്കിയപ്പോഴുണ്ടായ അനുഭവം ബോധ്യപ്പെടുത്തുന്നു. വാറ്റ് വന്നപ്പോള്‍ നികുതിനിരക്ക് കുറഞ്ഞെങ്കിലും വില കുറഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഓരോ ഉത്പന്നത്തിന്റെയും നേരത്തെയുള്ള നികുതിനിരക്കും ജി എസ് ടി വന്നതിനുശേഷമുള്ള നിരക്കും പരസ്യപ്പെടുത്തി എം ആര്‍ പിയിലെ വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ മാറ്റങ്ങള്‍ക്കനുസരിച്ചു വിലയില്‍ ഉത്പാദകര്‍ കുറവ് വരുത്തുന്നില്ലെങ്കില്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. കേന്ദ്രത്തില്‍ നിന്ന് അത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നത് വെറുതെയാണ്. ജനകീയ താത്പര്യവും കോര്‍പ്പറേറ്റ് താത്പര്യവും ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിച്ച അനുഭവമേ നമ്മുടെ മുമ്പിലുള്ളൂ. പുതുക്കിയ നികുതിനിരക്കനുസരിച്ച് ഉത്പന്നങ്ങളുടെ വില ക്രമീകരിക്കണമെന്നും ബീഡിയെ സെസ്സില്‍ നിന്ന് ഒഴിവാക്കുകയും സ്വര്‍ണത്തിന്റെ നികുതി അഞ്ച് ശതമാനമായി ഉയര്‍ത്തുകയും വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ മൂന്നിന് ചേരുന്ന അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.

Latest