Connect with us

Kerala

ഉന്നത നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുമായി ജേക്കബ് തോമസിന്റെ ആത്മകഥ

Published

|

Last Updated

തിരുവനന്തപുരം: ഉന്നത നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുമായി മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ. “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” എന്ന തന്റെ ആത്മകഥയിലാണ് ഉമ്മന്‍ചാണ്ടിയേയും സി.ദിവാകരനേയും ജേക്കബ് തോമസ് വിമര്‍ശിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പിന്തുണച്ചുമാണ് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു എന്നതാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പ്രധാന ആരോപണം. സി. ദിവാകരന്‍ വഞ്ചന കാട്ടിയെന്നും ആത്മകഥയിലുണ്ട്. സപ്ലൈകോയിലെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ച തന്നെ സി.ദിവാകരന്‍ സ്ഥം മാറ്റുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

എല്‍.ഡി.എഫ് വിജയിക്കണമെന്നും വൈദ്യുതി മന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാവണമെന്നും താന്‍ ആഗ്രഹിച്ചിരുന്നതായി ആത്മകഥയില്‍ ജേക്കബ് തോമസ് പറയുന്നു.ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണം എന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ബാബുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് തന്നെ മാറ്റാന്‍ ശ്രമിച്ചത്. സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ജനവിരുദ്ധന്‍, മനസ്സിന് സുഖമില്ലാത്തവന്‍ എന്നെല്ലാമുള്ള ആക്ഷേപം കേള്‍ക്കേണ്ടി വന്നെന്ന് ആത്മകഥയില്‍ ജേക്കബ് തോമസ് പറയുന്നു.

ആത്മകഥ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. കേരള രാഷ്ട്രീയത്തിലെ പ്രമുഖരെക്കുറിച്ചും അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെട്ടതും അടക്കം വിവാദപരമായ പല പരാമര്‍ശങ്ങളും ആത്മകഥയിലുണ്ട്‌