Connect with us

Gulf

സഊദി അറേബ്യയുമായി അമേരിക്ക 35,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

റിയാദ്/വാഷിംഗ്ടണ്‍: സഊദി അറേബ്യയുമായി അമേരിക്ക വന്‍ ആയുധ കരാറില്‍ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദിയിലെത്തിയതിനു പിന്നാലെയാണ് കരാര്‍ ഒപ്പുവെച്ചത്. അധികാരമേറ്റ ശേഷം ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. കരാര്‍ പ്രകാരം പത്ത് വര്‍ഷം കൊണ്ട് 35,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ യു എസില്‍ നിന്ന് സഊദി വാങ്ങും.

ആദ്യ പടിയായി 11,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഉടന്‍ സഊദിയിലെത്തും. എണ്ണ സമ്പന്ന രാഷ്ട്രവുമായി ദശകങ്ങളായി അമേരിക്ക തുടരുന്ന സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് കരാറെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഒരേ സുരക്ഷാ ആശങ്കകളുള്ള ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ സഖ്യം വിപുലമാക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്നും വൈറ്റ്ഹൗസ് പറയുന്നു.
ഇറാനുമായി അമേരിക്ക ഒപ്പുവെച്ച ആണവ കരാറില്‍ സഊദിക്ക് അതൃപ്തിയുണ്ടായിരുന്നു. ഉപരോധങ്ങള്‍ നീങ്ങി ഇറാന്‍ കൂടുതല്‍ ശക്തമാകുന്നത് മേഖലയിലെ ശാക്തിക ബലാബലം തകര്‍ക്കുമെന്ന സഊദിയുടെ ആശങ്ക കൂടി കണക്കിലെടുത്താണ് ആയുധകരാറെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ കൂടുതല്‍ കരാറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2011- 2015 കാലയളവില്‍ അമേരിക്കയുടെ മൊത്തം ആയുധ കയറ്റുമതിയുടെ പത്ത് ശതമാനം സഊദിയിലേക്കായിരുന്നുവെന്നാണ് കണക്ക്.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്വീകരിച്ചു. സല്‍മാന്‍ രാജാവുമായും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ട്രംപ് നയതന്ത്ര ചര്‍ച്ചകള്‍ നടത്തി. ഭാര്യ മെലാനിയയും ട്രംപിനൊപ്പമുണ്ട്.

ഡൊണാള്‍ഡ് ട്രംപും ഇസ്‌ലാമിക ലോകത്തെ നേതാക്കളും പങ്കെടുക്കുന്ന ചരിത്ര പ്രധാന ഉച്ചകോടികള്‍ക്കാണ് റിയാദ് വേദിയാകുക. “ഒന്നിക്കാം, അതിജയിക്കാം” എന്ന സന്ദേശമുയര്‍ത്തി മൂന്ന് ഉച്ചകോടികള്‍ക്കാണ് സഊദി അറേബ്യ ആതിഥ്യമരുളുന്നത്. ഉച്ചകോടികളില്‍ ആഗോള സുരക്ഷക്കായുള്ള ഉഭയകക്ഷി പ്രതിബദ്ധത ഉറപ്പിക്കുകയും വ്യാപാര, സാംസ്‌കാരിക, രാഷ്ട്രീയ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.

സഊദി അറേബ്യ – യു എസ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി)- അമേരിക്ക, അറബ് ഇസ്‌ലാമിക്- അമേരിക്ക എന്നീ തലക്കെട്ടുകളിലാണ് മൂന്ന് സമ്മേളനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സഹിഷ്ണുതയും സഹകരണവും ആശയങ്ങളും പങ്കുവെച്ച് സൗഹൃദത്തിന്റെ ചരിത്രം പുതുക്കി പുതിയ തുടക്കത്തിനുള്ള നാന്ദി കുറിക്കുകയാണ് ഉച്ചകോടികളുടെ ലക്ഷ്യം. രാജാക്കന്മാരും പ്രസിഡന്റുമാരും ഉള്‍പ്പെടെ 37 രാഷ്ട്ര നേതാക്കളും ആറ് പ്രധാനമന്ത്രിമാരുമാണ് സമ്മേളനങ്ങളില്‍ സംബന്ധിക്കുന്നത്.

ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെക്കും. ഇസ്‌ലാമിക ലോകവും അമേരിക്കയും തമ്മിലുള്ള ക്രിയാത്മക സംവാദത്തിന്റെ തുടക്കമായാണ് ഇസ്‌ലാമിക് അമേരിക്ക ഉച്ചകോടി വിശേഷിപ്പിക്കപ്പെടുന്നത്. ഭീകര വിരുദ്ധ പോരാട്ടം, അമേരിക്കയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം, ഇറാന്റെ ശത്രുതാപരമായ രാഷ്ട്രീയം ചെറുക്കല്‍ എന്നീ കാര്യങ്ങളില്‍ അറബ്- ഇസ്‌ലാമിക്- അമേരിക്ക ഉച്ചകോടി ഊന്നല്‍ നല്‍കും.

Latest