ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയുടെ മാതാവിനെതിരെ കേസെടുത്തു

Posted on: May 20, 2017 10:25 am | Last updated: May 20, 2017 at 12:57 pm

തിരുവനന്തപുരം: പേട്ടയില്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തല്‍ യുവതിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാതാവിനെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ പീഡിപ്പിക്കുന്നതിന് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന പേരില്‍ അറിയപ്പെടുന്ന ഹരിസ്വാമി എന്നയാളുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. പരുക്കേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം പേട്ടയിലുള്ള വീട്ടില്‍ ഇയാള്‍ പൂജക്കും മറ്റുമായി ഇടക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ഇത്ര കടുത്ത പ്രയോഗം നടത്തേണ്ടി വന്നതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 23 കാരിയായ യുവതിയെ പ്ലസ് വണില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.