മഞ്ചേരി മെഡി. കോളജിനെ മികച്ചതാക്കി മാറ്റും: കെ കെ ശൈലജ

Posted on: May 19, 2017 11:42 pm | Last updated: May 19, 2017 at 11:42 pm

തിരുവനന്തപുരം: മഞ്ചേരിയിലെ മെഡിക്കല്‍ കോളജിനെ മികച്ചതാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. എം ഉമറിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സഭയിലില്ലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം അടിയന്തരപ്രമേയമായി വരുന്നുവെന്നറിഞ്ഞതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിക്കൊണ്ട് മന്ത്രിക്ക് കത്ത് നല്‍കി. അക്കാര്യവും മന്ത്രി സഭയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. സമരംചെയ്യുന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 1399 തസ്തികകള്‍ മെഡിക്കല്‍ കോളജുകളിലേക്ക് സൃഷ്ടിച്ചിട്ടുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി നല്‍കി. മഞ്ചേരിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി താന്‍ സംസാരിച്ചിരുന്നു. അവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ജിക്കല്‍ വിഭാഗത്തിലേക്ക് നാല് അധ്യാപകരെ ഡെപ്യൂട്ടേഷനില്‍ അനുവദിക്കും.
കൂടാതെ മെഡി. വിഭാഗത്തിനും ഒരു അധ്യാപകനെ നല്‍കും. മെഡിക്കല്‍ കോളജിന് വേണ്ട കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്‍പ്പെടെ 146 കോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഹോസ്റ്റലും ക്വാട്ടേഴ്‌സും നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. അവിടെ ഈ സര്‍ക്കാര്‍ വന്നശേഷം ഇതിനകം 261 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. 40 തസ്തിക ഔട്ട്‌സോഴ്സ് ചെയ്തിട്ടുണ്ട്. നാലെണ്ണം മറ്റുള്ളിടങ്ങളില്‍ നിന്നും ലഭ്യമാക്കി. ബാക്കി ഒഴിവുള്ള തസ്തികകളില്‍ പി എസ് സി വഴി ഉടന്‍ നിയമനം നടത്തും. മഞ്ചേരി മെഡിക്കല്‍ കോളജ് നമ്മുടെ മുന്നില്‍ ശിശുവാണ്. അതിനുള്ള പരിഗണന അതിനോട് കാട്ടും. മന്ത്രി പറഞ്ഞു.