ഐ പി എല്‍ ഫൈനലില്‍ അയല്‍പ്പോര്; മുംബൈ പൂനെയെ നേരിടും

Posted on: May 19, 2017 9:45 pm | Last updated: May 20, 2017 at 9:12 am

ബെംഗളൂരു: ഐ പി എല്‍ ഫൈനലില്‍ അയല്‍ക്കാരായ മുംബൈ ഇന്ത്യന്‍സ് റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റിനെ നേരിടും. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലില്‍ ഇടം കണ്ടെത്തിയത്. ആറ് വിക്കറ്റിനായിരുന്നു ജയം. നേരത്തെ, ഒന്നാം ക്വാളിഫയറില്‍ മുംബൈയെ തോല്‍പ്പിച്ച് പൂനെ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തിരുന്നു. ബെംഗളൂരുവില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 107 റണ്‍സിന് ആള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ആദ്യം ഒന്ന് പകച്ചെങ്കിലും ക്രുനാല്‍ പാണ്ഡ്യ (30 പന്തില്‍ 45), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 26) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത മുംബൈ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിന് മുമ്പില്‍ തകര്‍ന്നടിയുകായിരുന്നു. ഏഴ് ഓവറില്‍ 31 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി പരിതാപകരമായ അവസ്ഥയിലായിരുന്നു ഒരു ഘട്ടത്തില്‍ അവര്‍. രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ ക്രിസ് ലിന്നിനെ (നാല്) പുറത്താക്കി ജസ്പ്രീത് ബുംറയാണ് കൊല്‍ക്കത്തയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ നരെയ്ന്‍ (പത്ത്) മടങ്ങി. ഉത്തപ്പ (ഒന്ന്)യെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ബുംറ ആഞ്ഞടിച്ചു. കൊല്‍ക്കത്ത 5.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 25. രക്ഷാപ്രവര്‍ത്തനത്തിന് തുനിയാതെ നായകന്‍ ഗംഭീറും (12) വിക്കറ്റ് വലിച്ചെറിഞ്ഞു. ഗ്രാന്‍ഡോം പൂജ്യത്തിന് പുറത്തായി. ആറാം വിക്കറ്റില്‍ ഇശാന്‍ക് ജഗ്ഗി സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് നേടിയ 56 റണ്‍സാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ നൂറ് കടത്തിയത്. ജഗ്ഗി 28, സൂര്യകുമാര്‍ 31 റണ്‍സെടുത്തു.

മുംബൈക്ക് വേണ്ടി കരണ്‍ ശര്‍മ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് നാലും ബുംറ മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. മിച്ചല്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റെടുത്തു.