അസാന്‍ജിനെതിരായ ലൈംഗിക പീഡന കേസില്‍ അന്വേഷണം അവസാനിപ്പിച്ചു

Posted on: May 19, 2017 5:08 pm | Last updated: May 19, 2017 at 7:08 pm

സ്റ്റോക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് മേല്‍ ആരോപിക്കപ്പെട്ട ലൈംഗിക പീഡന കേസില്‍ സ്വീഡന്‍ അന്വേഷണം അവസാനിപ്പിച്ചു. ഏഴ് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സ്വീഡന്‍ കേസ് അവസാനിപ്പിച്ചത്. അസാന്‍ജിനെതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മാരിയന്‍ നി അറിയിച്ചു. നടപടിക്രമങ്ങളുടെ ഇരയായിരുന്നു അസാന്‍ജ് എന്നും അദ്ദേഹത്തിന്റെ ദുഃാസ്വപ്നങ്ങള്‍ക്ക് ഇതോടെ അറുതിയായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

സമ്പൂര്‍ണ വിജയമെന്നായിരുന്നു കേസ് അവസാനിപ്പിക്കാനുള്ള വാര്‍ത്തയോട് അസാന്‍ജിന്റെ പ്രതികരണം. നേരത്തെ, ബലാത്സംഗ കേസിലെ അറസ്റ്റ് വാറന്റ് ഒഴിവാക്കണമെന്ന അസാന്‍ജിന്റെ അപ്പീല്‍ സ്വീഡിഷ് കോടതി തള്ളിയിരുന്നു. ലണ്ടനിലെ ഇക്വഡോര്‍ എംബസില്‍ 2012 മുതല്‍ അഭയം പ്രാപിച്ചിരിക്കുകയാണ് അസാന്‍ജ്. അമേരിക്കയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ ആസ്‌ത്രേലയന്‍ പൗരനായ അസാന്‍ജിന് അഭയാര്‍ഥിയാകേണ്ടി വന്നത്. സ്റ്റോക്ക്‌ഹോമില്‍ പ്രഭാഷണത്തിയ വേളയില്‍ അസാന്‍ജ് തങ്ങളെ ബലാത്സഗം ചെയ്‌തെന്ന് മുന്‍ വിക്കിലീക്‌സ് വളന്റിയര്‍മാരായ സ്ത്രീകളാണ് ആരോപണമുന്നയിച്ചത്. എന്നാല്‍, ഉഭയകക്ഷി സമ്മത പ്രകാരമാണ് താന്‍ അവരുമായി ബന്ധപ്പെട്ടതെന്ന നിലപാടിലായിരുന്നു അസാന്‍ജ്. അതെസമയം, അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുന്നുവെന്ന് ലണ്ടന്‍ പോലീസ് പറഞ്ഞു.