Connect with us

Sports

ഒടുവില്‍ കൊച്ചി ഗോളടിച്ചു !

Published

|

Last Updated

കൊച്ചി; ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ ഫിഫ പരിശോധക സംഘം സംതൃപ്തി പ്രകടിപ്പിച്ചതോടെ കൊച്ചികലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് ലോകകപ്പിനായി പന്തുരുളുമെന്ന് ഉറപ്പായി. അന്തിമ പരിശോധനക്കായി എത്തിയ ഫിഫ സംഘം ഒരുക്കങ്ങളില്‍ തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാനുള്ള കൊച്ചിയുടെ മോഹം പൂവണിയുന്നത്. ടൂര്‍മണെന്റിന്റെ മുഖ്യവേദിയാകുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി തൃപ്തി അറിയിച്ചു.

മാര്‍ച്ച് 24 നടത്തിയ അവസാന സന്ദര്‍ശനത്തില്‍ കണ്ട സ്റ്റേഡിയത്തിന്റെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയില്‍ കുറഞ്ഞസമയം കൊണ്ടു വലിയ ജോലി പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം സ്റ്റേഡിയം സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ കൊച്ചിയെ ലോകകപ്പ് വേദികളില്‍നിന്നു മാറ്റിനിര്‍ത്താന്‍ കാരണങ്ങളില്ല.
കൊച്ചിയിലെ ജോലികളിലെ ഗതിവേഗം വിസ്മയിപ്പിച്ചു. കുറഞ്ഞ കാലയളവില്‍ വലിയ ജോലി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കൊച്ചിക്കു സാധിച്ചവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പരിശീലന മൈതാനങ്ങളിലും വലിയ പുരോഗതിയുണ്ട്. 45 ദിവസം കൊണ്ടാണ് മൈതാനങ്ങള്‍ ആകെ മാറിയത്. ജൂലൈ ഒന്നിന് ഫിഫ സംഘവും 8,9,10 തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും.
ഈ അവസ്ഥയില്‍ പണി പുരോഗമിക്കുകയാണെങ്കില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാനുള്ള വകയായി കലൂര്‍ സ്‌റ്റേഡിയം മാറുമെന്നും അദ്ദേഹം പറഞ്ഞു. 41, 748 പേര്‍ക്കാണ് ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിട സൗകര്യമുള്ളത്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ എട്ടു മിനിട്ടിനുള്ളില്‍ കാണികളെ ഒഴിപ്പിക്കാന്‍ കഴിയണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം.

എന്നാല്‍, സ്‌റ്റേഡിയത്തില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള വാതിലുകളും ഗോവണികളും കൊണ്ട് മുമ്പുണ്ടായിരുന്നത്ര ആളുകളെ എട്ടു മിനിട്ടില്‍ പുറത്തിറക്കാന്‍ പര്യാപ്തമല്ല എന്നു മനസിലാക്കി. ഇതു മൂലമാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് എലിനു കൊച്ചിയിലുണ്ടായ ആരാധക ബാഹുല്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന കൊച്ചിയില്‍ 1000ല്‍ താഴെ മാത്രമാണെന്നായിരുന്നു ഹവിയര്‍ സെപ്പിയുടെ മറുപടി. മറ്റു പല വേദികളിലും ലോകകപ്പ് ടിക്കറ്റ് വലിയൊരളവു വിറ്റു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 209 രാജ്യങ്ങള്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്ന ടൂര്‍ണമെന്റാണ് ലോകകപ്പ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കുക എന്നത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്.
ലോകകപ്പ് ക്വാര്‍ട്ടര്‍ ഉള്‍പ്പടെ എട്ടു മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. നല്‍കേണ്ട അത്ര മത്സരങ്ങള്‍ കൊച്ചിക്ക് നല്‍കിയിട്ടുണ്ട്. സെമിയും ഫൈനലും കൊച്ചിക്കു ലഭിച്ചേക്കുമെന്ന രീതിയില്‍ ആരാണ് അഭ്യൂഹം പരത്തിയതെന്ന് അറിയില്ല.
വിമാനസൗകര്യമില്ലെന്ന കാരണത്താലാണ് കൊച്ചിയെ ഒഴിവാക്കിയത്. മത്സരക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന, പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും സെപ്പിക്കൊപ്പമുണ്ടായിരുന്നു. മത്സരത്തിന്റെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം 30 ന് വൈകിട്ട് 4ന് നടക്കുമെന്ന് ജി സി ഡി എ ചെയര്‍മാന്‍ സി എന്‍ മോഹനനന്‍ അറിയിച്ചു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest