ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന; വൈകിയെത്തിയ ജീവനക്കാരെ ‘പിടികൂടി’, മദ്യക്കുപ്പികള്‍ കണ്ടെടുത്തു

Posted on: May 18, 2017 12:54 pm | Last updated: May 18, 2017 at 2:59 pm

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ മിന്നല്‍ പരിശോധന നടത്തി. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്ന് ബിയര്‍- മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മാലിന്യങ്ങള്‍ മുറിയുടെ മൂലകളില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. ആശുപത്രിയിലെ ശുചിത്വമില്ലായ്മ ബോധ്യപ്പെട്ട മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ഇതൊരു ആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ പണിയുണ്ടാകില്ലെന്ന് മുന്നറിയിപ്പും നല്‍കി. കൃത്യസമയത്ത് ജീവനക്കാര്‍ ജോലിക്കെത്താത്തത് സംബന്ധിച്ച് വിശദീകരണം നല്‍കാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
രാവിലെ എട്ടിന് ആശുപത്രിയിലെത്തിയ മന്ത്രി എല്ലാ വാര്‍ഡുകളും മുറികളും സന്ദര്‍ശിച്ചു. രോഗികളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. ആശുപത്രിയെക്കുറിച്ച് രോഗികളില്‍ നിന്നടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ മിന്നല്‍ പരിശോധന. രാവിലെ ഏഴിനെത്തേണ്ട ജീവനക്കാരില്‍ ചിലര്‍ എട്ട് കഴിഞ്ഞിട്ടും എത്തിയിരുന്നില്ല.