തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി ഫിന് നേട്ടം; യു ഡി എഫിന്റെ മൂന്ന് വാര്‍ഡുകള്‍ പിടിച്ചെടുത്തു

ഫലം വന്ന പതിനൊന്നില്‍ എട്ടിടത്തും എല്‍ ഡി എഫിന് ജയം
Posted on: May 18, 2017 12:25 pm | Last updated: May 18, 2017 at 2:59 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ എല്‍ ഡി ഫിന് നേട്ടം. 12ല്‍ പതിനൊന്നിടത്തെ ഫലം പുറത്തുവന്നപ്പോള്‍ എല്‍ ഡി എഫ് എട്ട് സീറ്റുകള്‍ സ്വന്തമാക്കി. ഇതില്‍ മൂന്നെണ്ണം യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഇരിയംപാടം ഡിവിഷന്‍, മട്ടന്നൂര്‍ നഗരസഭ ഉരുവച്ചാല്‍ വാര്‍ഡ്, പന്തലായനി ബ്ലോക്കിലെ വെങ്ങളം, തൃശൂര്‍ വാടനപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, പയ്യന്നൂര്‍ നഗരസഭ 21ാം വാര്‍ഡ് എന്നിവ എല്‍ ഡി എഫ് നിലനിര്‍ത്തി.

കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാട് വാര്‍ഡില്‍ സിപിഎമ്മിലെ കെ എം അഫ്‌സല്‍ 82 വോട്ടിനാണ് വിജയിച്ചത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. കെ എം ഹനീഫയാണ് പരാജയപ്പെട്ടത്.

പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, കണ്ണൂര്‍ പായം പഞ്ചായത്തിലെ മട്ടിനി വാര്‍ഡ്, ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കുമാരപുരം വാര്‍ഡ് എന്നിയാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. മലപ്പുറം അലങ്കോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, കോഴിക്കോട് നാദാപുരം ചെക്യാട് പഞ്ചായത്തിലെ പാറക്കടവ്, പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് എന്നിവ യു ഡി എഫ് നിലനിര്‍ത്തി.