ഇന്ത്യ അമേരിക്കയില്‍ നിന്ന് പുതിയ പീരങ്കികള്‍ വാങ്ങുന്നു

ബോഫോഴ്‌സ് ആയുധ ഇടപാടിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വിദേശത്ത് നിന്ന് പീരങ്കികള്‍ വാങ്ങുന്നത്‌
Posted on: May 18, 2017 11:00 am | Last updated: May 18, 2017 at 2:17 pm

ന്യൂഡല്‍ഹി: വിവാദമായ ബോഫോഴ്‌സ് ആയുധ ഇടപാടിന് ശേഷം ഇന്ത്യ രണ്ട് പീരങ്കികള്‍ വാങ്ങിക്കുന്നു. അമേരിക്കയില്‍ നിന്നും രണ്ട് 145 എം 777 പീരങ്കികളാണ് ഇന്ത്യ വാങ്ങുന്നത്. ബോഫോഴ്‌സ് ഇടപാട് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ പുറത്ത് നിന്ന് പീരങ്കികള്‍ വാങ്ങുന്നത്.
നവംബര്‍ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കായുള്ള കരാറില്‍ ഒപ്പുവെച്ചത്. കരാറിന് നവംബര്‍ 17ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി.  മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് 145 എം 777 പീരങ്കികള്‍. ഈ ആഴ്ച അവസാനത്തോടെ തന്നെ ഇവ സേനയുടെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
1980ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച ബോഫോഴ്‌സ് ഇടപാട് നടന്നത്. 1437 കോടിയുടെ കരാറില്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഇറ്റലിയിലെ ആയുധ വ്യാപാര ഇനടനിലക്കാരനുമായ ഒട്ടാവിയോ ക്വട്ട്‌റോച്ചി 40 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.